ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ ഖത്തറില്‍ തുടക്കം

ലോക ട്രാക്കിലെ മുന്‍നിരതാരങ്ങള്‍ മത്സരിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി ദോഹ സജ്ജമായി. ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തിലെ ട്രാക്കുണരാന്‍ ഇനി ഒരു ദിവസം മാത്രം. മിക്ക ടീമുകളും ദോഹയിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യസംഘത്തിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഏറ്റവും അവിസ്മരണീയമായ ചാമ്പ്യന്‍ഷിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ചാമ്പ്യന്‍ഷിപ്പ്. 210 രാജ്യങ്ങളില്‍ നിന്നായി 2,043 അത്‌ലറ്റുകളാണ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. പുരുഷവിഭാഗത്തില്‍ 184 രാജ്യങ്ങളില്‍ നിന്നായി 1031 അത്‌ലറ്റുകളും വനിതാവിഭാഗത്തില്‍ 123 രാജ്യങ്ങളില്‍ നിന്നായി 903 അത്‌ലറ്റുകളുമാണ് മത്സരംഗത്തുള്ളത്. ഇന്ത്യയെ പ്രതിനിധികരിച്ച് പുരുഷ വിഭാഗത്തില്‍ 16 പേരും വനിതാവിഭാഗത്തില്‍ 11പേരുമാണ് മത്സരിക്കുന്നത്. ടീമില്‍ പന്ത്രണ്ടുപേര്‍ മലയാളികളാണ്. വനിതാ ടീമില്‍ പി.യു ചിത്ര, അനു റാണി, ജിസ്‌ന മാത്യു, വി.രേവതി, വി.കെ.വിസ്മയ, എം.ആര്‍ പൂവമ്മ, ആര്‍. വിത്യ, ശുഭ വെങ്കടേശന്‍, അര്‍ച്ചന സുശീന്ദ്രന്‍, ദ്യുതി ചന്ദ്, അജ്ഞലി ദേവി എന്നിവരാണുള്ളത്. ഇന്ത്യന്‍ ടീമില്‍ 12 പേര്‍ മലയാളികളാണ്. ഇന്ത്യന്‍ ടീമിലെ ജിസ്‌ന മാത്യു, അജ്ഞലി, എം.ശ്രീശങ്കര്‍ എന്നിവര്‍ കഴിഞ്ഞദിവസം ദോഹയിലെത്തി. വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയുടെ അര്‍ച്ചന സുശീന്ദ്രന് അവസാനനിമിഷമാണ് ക്ഷണം ലഭിച്ചത്. പുറംവേദനയെത്തുടര്‍ന്ന് 400 മീറ്ററില്‍ ഇന്ത്യയുടെ ഹിമദാസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറിയിരുന്നു. ഖലീഫ രാജ്യാന്തര സ്‌റ്റേഡിയം, ദോഹ കോര്‍ണിഷ് എന്നിവിടങ്ങളിലായാണ് മത്സരം. ലോക അത്‌ലറ്റിക് വില്ലേജില്‍ ഫാന്‍ സോണ്‍, വൊളന്റിയര്‍മാര്‍ക്കായി വിനോദ കൂടാരം, മീഡിയ സെന്റര്‍, സുരക്ഷാ, ഗതാഗതം തുടങ്ങി എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഇതാദ്യമായാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായിക മേള ഇവിടെ നടക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് നടന്ന ലണ്ടന്‍ ലോക അത്‌ലറ്റിക്‌സില്‍ വ്യക്തിഗത ഇനങ്ങളില്‍ വിജയികളായ 44പേരില്‍ 38പേരും കിരീടം നിലനിര്‍ത്താന്‍ ദോഹയിലെത്തുന്നുണ്ട്. 30 പുതിയ ഡയമണ്ട് ലീഗ് ചാമ്പ്യന്‍മാരും മത്സര രംഗത്തുണ്ട്. മിഡ്‌നൈറ്റ് മാരത്തോണും 4400 മീറ്റര്‍ മിക്ഡസ് റിലേയുമാണ് ദോഹ അത്‌ലറ്റിക്‌സിന്റെ ഏറ്റവും പ്രധാന സവിശേഷത. ലോക അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് 4400 മീറ്റര്‍ മിക്ഡസ് റിലേ സംഘടിപ്പിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിനായി ആതിഥേയരായ ഖത്തര്‍ ടീമും റെഡിയാണ്. ഹൈജമ്പ് താരം മുതാസ് ബര്‍ഷിം ഉള്‍പ്പടെയുള്ള മുന്‍നിരതാരങ്ങളാണ് മത്സരരരംഗത്തിറങ്ങുന്നത്. ഹൈജമ്പില്‍ മുതാസ് ബര്‍ഷിം, 400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും അബ്ദുല്‍റഹ്മാന്‍ സാംബയും ഖത്തറിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍. 400 മീറ്ററില്‍ അബ്ദുല്‍ഇലാഹ് ഹാറൂണ്‍ ഉള്‍പ്പടെയുള്ള അത്‌ലറ്റുകള്‍ ഖത്തറിന്റെ സുവര്‍ണ പ്രതീക്ഷകളാണ്. 2017ലെ ഐഎഎഎഫ് അത്‌ലറ്റ് ഓഫ് ദി ഇയറായ മുതാസ് ബര്‍ഷിമായിരിക്കും ഖത്തര്‍ സംഘത്തെ നയിക്കുക. ചാമ്പ്യന്‍ഷിപ്പില്‍ 16 പുരുഷന്‍മാരും രണ്ടു വനിതകളും ഉള്‍പ്പടെ 18 അംഗ ടീമായിരിക്കും ഖത്തറിനെ പ്രതിനിധീകരിക്കുക. 400 മീറ്ററില്‍ കെന്‍സ സോസ്സെ, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മറിയം ഫരീദ് എന്നിവരാണ് ചാമ്പ്യന്‍ഷിപ്പിലെ ഖത്തറിന്റെ വനിതാസാന്നിധ്യങ്ങള്‍.
ഖത്തറിന്റെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന അത്‌ലറ്റിക്‌സ് വില്ലേജാണ് മുഖ്യ സവിശേഷത. ഖലീഫ അന്താരാഷ്ട്ര സ്‌റ്റേഡിത്തിലായിരിക്കും ചാമ്പ്യന്‍ഷിപ്പിലെ പ്രധാന മത്സരങ്ങള്‍. ഇവിടെ സവിശേഷമായ ഫാന്‍സോണും ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്‌കാരങ്ങളില്‍ന്നെത്തുന്ന അത്‌ലറ്റുകളെ ആദരിക്കുകയും ബഹുമാനിക്കുകയുമാണ് ഇവിടെ. ഖലീഫ സ്‌റ്റേഡിയം ആഗോള സമൂഹമായി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന കമ്യൂണിറ്റികള്‍ക്ക് അത്‌ലറ്റിക്‌സ് വില്ലേജിലെ ആഘോഷങ്ങളില്‍ പങ്കാളികളാകാം. നൃത്ത, സംഗീത പ്രകടനങ്ങളെല്ലാം നടക്കും. വില്ലേജില്‍ വിവിധ മേഖലകളായി തിരിച്ചായിരിക്കും സംസ്‌കാരിക ആഘോഷം അരങ്ങേറുക. ആഫ്രിക്ക, നോര്‍ത്ത് സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവയെ പ്രതിനിധിനാം ചെയ്യുന്നതായിരിക്കും മേഖലകള്‍. ഓരോ രാജ്യത്തിന്റെയും പ്രമേയത്തിനനുസരിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. വിവിധ ഭക്ഷണരുചികള്‍, വിനോദപരിപാടികള്‍, സമ്മാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളുടെ വിജയത്തിനായി 5500ലധികം വൊളന്റിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഖത്തര്‍ ചാമ്പ്യന്‍ഷിപ്പ് ഡോപ്പിങ് രഹിത ചാമ്പ്യന്‍ഷിപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍(ഐഎഎഎഫ്) വൈസ്പ്രസിഡന്റ് ദഹ്‌ലന്‍ അല്‍ഹമദ് വ്യക്തമാക്കി. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമുതലാണ് പ്രവേശനം. മത്സരടിക്കറ്റുള്ളവര്‍ക്ക് വില്ലേജില്‍ സൗജന്യപ്രവേശനമായിരിക്കും. കായികലോകത്തെയൊന്നാകെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണ്. പത്തു ദിവസങ്ങളിലായി 128 മത്സര ഇനങ്ങളാണ് നടക്കുന്നത്. സ്‌റ്റേഡിയങ്ങളും ഹോട്ടലുകളും മറ്റു സൗകര്യങ്ങളുമെല്ലാം സജ്ജമാണ്. ഖലീഫ സ്‌റ്റേഡിയത്തിലെ ശീതീകരണസംവിധാനം മികച്ചതാണ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി ഖത്തറിലെത്തിയിരിക്കുന്നത് 700 മാധ്യമപ്രവര്‍ത്തകര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ ന്യൂസ് ഔട്ട്‌ലെറ്റുകളെയും മാധ്യമസ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചാണ് ഇത്രയധികം ജേര്‍ണലിസ്റ്റുകളെത്തിയിരിക്കുന്നത്. ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് മീഡിയ സെന്റര്‍ തുറന്നിരിക്കുന്നത്. കോര്‍ണീഷിലും മാധ്യമ കേന്ദ്രം സജ്ജമാക്കുന്നുണ്ട്. കോര്‍ണീഷില്‍ നടക്കുന്ന മാരത്തോണ്‍ ഉള്‍പ്പടെയുള്ള കായികയിനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ കേന്ദ്രം സഹായകമാകും.