അറബി ഭാഷ ഉയരങ്ങളിലേക്ക്

ഹംസ കടന്നമണ്ണ

സെമിറ്റിക് ഭാഷകളില്‍ ഇന്ന് സജീവമായി നിലകൊള്ളുന്ന ഏക ഭാഷയാണ് അറബി. 28 രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും 128 കോടി ജനങ്ങളുടെ മതഭാഷയുമാണ് അത്. UNO അംഗീകരിച്ച അറബ് ഭാഷകളില്‍ മൂന്നാം സ്ഥാനം അറബിക്കിനാണ്. യുനസ്‌കോ വളരെ മുമ്പേ അറബി ഭാഷയെ തങ്ങളുടെ അംഗീകൃത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമ്പത് ലക്ഷം കേരളീയര്‍ ഇന്ന് അറബ് രാഷ്ട്രങ്ങളില്‍ ജോലി നോക്കുന്നു. പ്രതിവര്‍ഷം 10,000 കോടി രൂപ കേരളത്തിലേക്ക് അറബി രാഷ്ട്രങ്ങളില്‍ നിന്ന് വരുന്നുവെന്ന് സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകള്‍ വെളിപ്പെടുത്തുന്നു. നാലായിരത്തില്‍ പരം വര്‍ഷങ്ങള്‍ പഴക്കമുണ്ടായിട്ടും നൂറ്റമ്പതോളം തലമുറകളായി ലക്ഷോപ ലക്ഷം ജനവിഭാഗങ്ങള്‍ കൈകാര്യം ചെയ്തിട്ടും തനിമക്കോ ശുദ്ധിക്കോ മൗലികതക്കോ ലവലേശം പോറലേല്‍ക്കാത്ത ഏക ഭാഷ അറബി മാത്രം. വാസ്‌ഗോഡ ഗാമയും കൊളമ്പസും ലോക സഞ്ചാരത്തിന് ഉപയോഗിച്ച ഭൂപടത്തില്‍ സ്ഥാനം പിടിച്ച ഏക ഭാഷ അറബികിന് മാത്രം അവകാശപ്പെട്ടതാണ്.

കൊളംമ്പസ് തന്റെ യാത്രയില്‍ അറബി ഭാഷ അറിയുന്ന ഒരു ജൂതനെ കൂടെ കൂട്ടി ക്യൂബയില്‍ എത്തി. ഗോത്ര തലവന്‍ സംസാരിച്ചത് അറബിയിലായിരുന്നു. ഖലീഫ മന്‍സൂറിന്റെയും ഹാറൂണ്‍ റഷീദിന്റേയും ഭരണ കാലത്ത് 20 ഇന്ത്യന്‍ അറബി പണ്ഡിതന്മാര്‍ ബൈത്തുല്‍ ഹിഖ്മയില്‍ താമസിച്ച് രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. കേരള സംസ്ഥാന രൂപീകരണ ശേഷം 3 ഗവണ്‍മെന്റ് ഹൈസ്‌കൂളുകളിലും 5 മാനേജ്‌മെന്റ് ഹൈസ്‌കൂളുകളിലുമാണ് അറബിക് പണ്ഡിറ്റ്‌സുമാരുണ്ടായിരുന്നത്. പിന്നീട് വിവിധ ഹൈസ്‌കൂളുകളില്‍ കൂടി അത് വ്യാപിച്ചു. കൊച്ചി തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ ആദ്യ ഘട്ടങ്ങളില്‍ പ്രൈമറി തലത്തില്‍ മാത്രമാണ് അറബി പഠനമുണ്ടായിരുന്നത്. 1958 മുതല്‍ മലബാര്‍ മേഖലകളില്‍ കൂടി അത് വികസിച്ചു. നിശ്ചിത കുട്ടികള്‍ അറബി പഠനത്തിലും വിദ്യാലയങ്ങളിലെല്ലാം അത് ക്രമേണ പുരോഗമിച്ചു. ഇന്ന് കേരളത്തില്‍ 8500 അറബിക് അധ്യാപകരും പന്ത്രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളും അറബി ഭാഷയുമായി ബന്ധപ്പെട്ടുണ്ട്. 1967 ല്‍ ഇ.എം.എസ് മന്ത്രിസഭയില്‍ ഇ.ഒ മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സന്ദര്‍ഭത്തിലാണ് അറബി അധ്യാപകര്‍ സ്‌പെഷലിസ്റ്റ് തസ്തികയില്‍ നിന്ന് ഭാഷാധ്യാപകരായി ഉയര്‍ന്നത്.

പ്ലസ് ടു ലവലിലും അറബി രണ്ടാം ഭാഷയായി കേരളത്തിലുടനീളം പഠിപ്പിക്കപ്പെടുന്നു. സംസ്ഥാനത്തെ 40 ആര്‍ട്‌സ് കോളേജുകളില്‍ അറബി ആധുനിക രീതിയില്‍ അഭ്യസിക്കപ്പെടുന്നതില്‍ നമുക്ക് അഭിമാനിക്കാം. ആറ് കോളജുകളില്‍ ങ.അ വരെ പഠിക്കുവാനുള്ള അവസരമുണ്ട്. അറബിക്കില്‍ ഡോക്ടറേറ്റ് ലഭിച്ച 65 പേര്‍. ഡോക്ടറേറ്റിന് പഠിച്ചുകൊണ്ടിരിക്കുന്ന 80 പേര്‍ വേറെയും. കേരളത്തില്‍ അറബി ഭാഷയുടെയും അധ്യാപകരുടെയും ഉന്നതിക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു അറബിക് സ്‌പെഷ്യല്‍ ഓഫീസറെയും (ASO) ആറ് മുസ്ലീം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍മാരെയും (IME) മൂന്ന് ഗേള്‍സ് ഇന്‍സ്‌പെക്ട്രസ്(WIMGE) മാരെയും നിശ്ചയിച്ചിട്ടുണ്ട്.
യൂനിവേഴ്‌സിറ്റി അംഗീകാരമുള്ള 11 അറബിക് കോളേജുകളും 43 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളും ഇന്ന് നിലവിലുണ്ട്. അംഗീകാരമില്ലാത്തതും മത സംഘടനകളുടെ ആഭിമുഖ്യത്തിലുള്ളതുമായ 114 അറബിക് കോളേജുകളും കേരളത്തില്‍ അറബി ഭാഷാ പഠനം നടത്തുന്നു. സാഹിത്യ സമ്പുഷ്ടമായ അറബിയിലേക്ക് കേരളത്തിലെ ഒരു മലയാള നോവലും രണ്ട് കവിതാ സമാഹാരങ്ങളും ഒരു ചരിത്ര ഗവേഷണ പുസ്തകവും വിവര്‍ത്തനം ചെയ്യപ്പെട്ടത് പ്രത്യേകം എടുത്തോതേണ്ടതാണ്.

ഇന്ന് കേരളത്തില്‍ വിവിധ ജില്ലകളിലായി 400 ല്‍ ഏറെ അമുസ്ലീം അദ്ധ്യാപകര്‍ അറബി പഠിപ്പിക്കുന്നുണ്ട്. പ്രവാചകന്‍ പറഞ്ഞു: മൂന്ന് കാരണങ്ങളാല്‍ നിങ്ങള്‍ അറബി ഭാഷ അഭ്യസിക്കൂ. 1) എന്റെ മാതൃ ഭാഷ അറബിയാണ്. 2) വിശുദ്ധ ഖുര്‍ആന്റെ ഭാഷയും അറബി. 3) സ്വര്‍ഗവാസികളുടെ ഭാഷയും അറബി തന്നെ.

SHARE