ആ വേദനയെ വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയില്ല; രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് അനുശോചനവുമായി രാഹുല്‍ ഗാന്ധി

ലഡാക്കിലെ ഗാല്‍വാന്‍ വാലി പ്രദേശത്ത് തിങ്കളാഴ്ച രാത്രി നടന്ന ചൈനീസ് സൈനിക അക്രമത്തില്‍ കേണല്‍ അടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഉദ്യോഗസ്ഥരോടും ആളുകളോടും എനിക്ക് തോന്നുന്ന വേദനയെ വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

‘നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഉദ്യോഗസ്ഥരോടും ആളുകളോടും എനിക്ക് തോന്നുന്ന ആ വേദനയെ വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയില്ല. അവരുടെ പ്രിയപ്പെട്ടവര്‍ക്കെല്ലാം ഞാന്‍ അനുശോചനമര്‍പ്പിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ചൈനയുടെ അതിര്‍ത്തി കയ്യേറ്റ മോദി സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. ചൈന ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒന്നും മിണ്ടാതെ അപ്രത്യക്ഷനായെന്നും രാഹുല്‍ ആരോപിച്ചു. ലഡാക്കിലെ ഇന്ത്യയുടെ പ്രദേശം ചൈന പിടിച്ചെടുത്തതായി കാണിച്ചാണ് പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച ട്വീറ്റ് ചെയ്തത്.

‘ചൈനക്കാര്‍ ലഡാക്കിലെ നമ്മളുടെ പ്രദേശം പിടിച്ചെടുത്തു. അതേസമയം, പ്രധാനമന്ത്രി തികച്ചും നിശബ്ദനാണ്, സംഭവസ്ഥലത്ത് നിന്ന് അപ്രത്യക്ഷനായി,’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ലഡാക്കിലെ ഗാല്‍വാന്‍ വാലി പ്രദേശത്ത് തിങ്കളാഴ്ച രാത്രി നടന്ന ചൈന-ഇന്ത്യ സൈനിക അക്രമത്തില്‍ മൂന്നോ നാലോ ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ചൈനീസ് മാധ്യമ പ്രവര്‍ത്തകരാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. കേണല്‍ അടക്കം മൂന്ന് ഇന്ത്യന്‍ സൈനികരാണ് ചൈനീസ് ആക്രണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നോ എത്ര പേര്‍ക്ക് പരിക്കേറ്റെന്നോ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.