അയോദ്ധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിച്ചാലും പോകില്ല: യോഗി ആദിത്യനാഥ്

ലഖ്‌നൗ: അയോദ്ധ്യയില്‍ ബാബരി മസ്ജിദിന് പകരമായി സുപ്രിംകോടതി നിര്‍ദേശ പ്രകാരം നിര്‍മിക്കുന്ന മസ്ജിദിന്റെ നിര്‍മാണ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു മതവുമായും ഒരു പ്രശ്‌നവും തനിക്കില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇഫ്താര്‍ പരിപാടിയില്‍ തൊപ്പിയുമണിഞ്ഞ് നില്‍ക്കുന്നവര്‍ മതേതരവാദികളാണ് എന്ന് അഭിനയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അക്കാര്യം ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം ഒരു ഹിന്ദി വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരു മതവിഭാഗത്തില്‍ നിന്നും അകലം സൂക്ഷിക്കില്ല.

എന്നാല്‍, ഒരു യോഗി എന്ന നിലയില്‍ തീര്‍ച്ചയായും പള്ളിയുടെ പരിപാടിയ്ക്ക് പോകില്ല. ഒരു ഹിന്ദു സന്യാസി എന്ന നിലയ്ക്ക് ആരാധന സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളിയുടെ നിര്‍മാണ ഉദ്ഘാടനവുമായി തനിക്ക് ബന്ധമില്ല. തന്നെ ആരും ക്ഷണിക്കില്ല. തനിക്ക് അവിടെ പോകേണ്ട കാര്യമില്ല- ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യപൂജാരി കൂടിയായ യോഗി പറഞ്ഞു.

സുപ്രിംകോടതി കോടതി വിധി പ്രകാരം യു.പി സര്‍ക്കാര്‍ അയോദ്ധ്യയ്ക്ക് പുറത്ത് സുന്നിവഖഫ് ബോര്‍ഡിന്റെ പേരില്‍ അഞ്ചേക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്. പഴയ ബാബരി മസ്ജിദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ദാനിപൂര്‍ ഗ്രാമത്തിലാണ് ഈ സ്ഥലം. അയോദ്ധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് കുമാര്‍ ഝാ ഈയിടെ ഭൂമിയുടെ രേഖകള്‍ മസ്ജിദ് നിര്‍മാണത്തിനായി രൂപീകരിച്ച സര്‍ക്കാര്‍ ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് കൈമാറിയിട്ടുണ്ട്.