ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഡല്‍ഹിയിലെ എയിംസ് സമീപത്തുളളപ്പോള് ഇവിടെ ചികിത്സ തേടാതെ അയല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കേന്ദ്രമന്ത്രി പോയത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം വരണമെങ്കിലും അതിനെ ശക്തിപ്പെടുത്തണമെങ്കിലും രാഷ്ട്രീയക്കാരുടെയും കേന്ദ്രമന്ത്രിമാരുടെയും പിന്തുണ ആവശ്യമാണെന്നും തരൂര്‍ കുറിച്ചു.
എയിംസ് പദ്ധതിക്കായി ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സംഭാവന എടുത്തു കാണിക്കുന്ന ചിത്രം പങ്കുവച്ചാണ് തരൂരിന്റെ വിമര്‍ശനം. എയിംസ് നിര്‍മിക്കുന്നതിന് മുമ്പ് പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രിക്ക് ബന്ധപ്പെട്ടവര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന ചിത്രമാണ് തരൂര്‍ പോസ്റ്റ് ചെയ്തത്.
ഞായറാഴ്ചയാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഹരിയാനയിലെ ഗുഡ്ഗാവിലുള്ള മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആരോഗ്യനില തൃപ്തികരമാമെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
താനുമായി സമ്പര്‍ക്കത്തിലായിരുന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും അമിത് ഷാ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതെ തുടര്‍ന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും നിരീക്ഷണത്തില്‍ പ്രവേശിച്ചു. കേന്ദ്രമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും മുന്‍കരുതല്‍ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച അമിത് ഷായുമായി രവിശങ്കര്‍ പ്രസാദ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ക്ക് പുറമേ, രാജ്യസഭാ അംഗം സ്വപന് ദാസ് ഗുപ്ത, കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ എന്നിവരും രണ്ടാഴ്ചക്കിടെ ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.