മഹാരാഷ്ട്രയില്‍ മുസ്ലിം പെണ്‍കുട്ടി ചെറുപ്രായത്തില്‍ തന്നെ ജില്ലാ കലക്ടറായി എന്ന വ്യാജവാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സജീവമാണ്. എന്നാല്‍ ഈ ഫോര്‍വേഡ് സന്ദേശത്തിന്റെ ഉറവിടം തേടിയിറങ്ങിയ ‘ചന്ദ്രിക’ ഫാക്റ്റ് ചെക്കിങ് ടീം എത്തിപ്പെട്ടത് മഹാരാഷ്ട്ര പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലാണ്. അവിടെ സഹ്രിഷ് കന്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ബുള്‍ദാന ജില്ലാ ഭരണകൂടത്തിന്റെ പേരില്‍ അതേവേഷത്തില്‍ തന്നെ റീട്വീറ്റ് ചെയ്തിരിക്കുന്നുമുണ്ട്.
അതേസമയം, വാര്‍ത്ത മറ്റൊരു സംഭവമാണെന്ന് വ്യക്തമായതോടെ മുസ്ലിം പെണ്‍കുട്ടി ചെറുപ്രായത്തില്‍ തന്നെ ജില്ലാ കലക്ടറായി എന്ന സന്ദേശം വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമായിരിക്കുകയാണ്.
അന്താരാഷ്ട്ര വനിതാ ദിനത്തിന് (മാര്‍ച്ച് 8) മുന്നോടിയായി പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും അവരെ പ്രചോദിപ്പിക്കുന്നതിനുമുള്ള പരിപാടിയായി സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്കായി ബുള്‍ദാന ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയുടെ ചിത്രങ്ങളാണ് വ്യാജമായി പ്രചരിപ്പിച്ചത്. സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു ദിവസം ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടുമാവാന് അവസരം നല്കുന്ന പരിപാടിക്കാണ് ബുള്‍ദാന കളക്ടര്‍ സുമന് ചന്ദ്ര നേതൃത്വം നല്‍കിയത്. ഇതുവഴി പെണ്‍കുട്ടികള്‍ക്ക് അഡ്മിനിസ്ട്രേഷന്റെ പ്രവര്‍ത്തനം മനസിലാക്കാനും സര്‍ക്കാര്‍ ജോലികളോടു അടുത്തിടപയകാനും മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാനും സാധിക്കുമെന്നതാണ് പദ്ധതി.
ഇത്തരം പദ്ധതിയില്‍ഉള്‍പ്പെട്ട ജില്ലാ പരിഷത്ത് ഉറുദു ഹൈസ്കൂളിലെ സഹ്രിഷ് കന്‍വാള്‍ എന്ന പെണ്‍കുട്ടി ജില്ലാ പോലീസ് സൂപ്രണ്ടായി ഒരു ദിവസം ചുമതലയേറ്റതിന്റെ ദൃശ്യങ്ങളാണ് പൊലീസ് തങ്ങളുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമങ്ങളിലല്‍ പുറത്തുവിട്ടത്. എന്നാല്‍ ദൃശ്യങ്ങള്‍ മാത്രമെടുത്ത് വ്യാജമായി പ്രചരിപ്പിച്ചതാണ് കേരളത്തിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ജില്ലാ കലക്ടറായി പടര്‍ന്നത്.

പെണ്‍കുട്ടികള്‍ക്ക് അവരുടെ പഠന ലക്ഷ്യങ്ങളില്‍ പ്രചോദനം വരുത്താനും ആത്മവിശ്വാസം ഉയര്‍ത്താനും സഹായിക്കുമെന്ന് രീതിയിലാണ് ഇത്തരം പദ്ധതികള്‍ സംഘടിപ്പിക്കുന്നതെന്ന് ബുള്‍ദാന കളക്ടര്‍ സുമന് ചന്ദ്ര അഭിപ്രായപ്പെട്ടു.
ഇതുവഴി ജില്ലാ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് മികവുറ്റതും വിലപ്പെട്ടതുമായ കളക്ടറുടെയും കമ്മീഷണറുടേയും കസേരയില്‍ ഇരിക്കാന്‍ അവസരമുണ്ടാകും. അത്തരമൊരു അവസരങ്ങള്‍ പഠനകാലത്ത് ഒരു ദിവസമെങ്കിലും ലഭിക്കുകയെന്നത് അവര്‍ സമൂഹത്തില്‍ വരുത്താന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ തീരുമാനിക്കാനുള്ള അവസരവും നല്‍കുന്നതാവുമെന്നും ബുള്‍ദാന കളക്ടര്‍ പറഞ്ഞു.
പദ്ധതിയുടെ ആദ്യ ദിവസം, പാഡോലി ജില്ലാ പരിഷത്ത് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പൂനം ദേശ്മുഖാണ് ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കുകയും ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തത്. സൂപ്രണ്ടിംഗ് ജില്ലാ കാര്‍ഷിക ഓഫീസര്‍ നരേന്ദ്ര നായിക്കില്‍ നിന്നും ജില്ലയിലെ വിവരങ്ങള്‍ കുട്ടി കലക്ടര്‍ ശേഖരിച്ച പിന്നീട് മാധ്യമങ്ങളുമായി സംവദിക്കുകയും ‘ലോക്ഷാഹി ദിനില്‍’ പങ്കെടുക്കുകയും ചെയ്തു. തന്റെ അനുഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച പൂനം ദേശ്മുഖ് ആത്മവിശ്വാസത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ സ്കൂളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. മാര്‍ച്ച് നാലിനാണ് ജില്ലാ പരിഷത്ത് ഉറുദു ഹൈസ്കൂളിലെ സഹ്രിഷ് കന്വാളാണ് ഒരു ദിവസത്തെ ജില്ലാ പോലീസ് സൂപ്രണ്ടായി എസ്പി ദിലീപ് പാട്ടീലില്‍ നിന്ന് ചുമതലയേറ്റത്.
ഈ ദിനം എനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ഒരിക്കള്‍ എനിക്ക് ഒരു പോലീസ് സൂപ്രണ്ട് ആകണമെന്നും സഹ്രിഷ് പ്രതികരിച്ചു.