‘വിരട്ടാന്‍ നോക്കണ്ട’; പി.സി ജോര്‍ജ്ജിന് വനിതാ കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജിന് സംസ്ഥാന വനിതാ കമ്മീഷന്റെ താക്കീത്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കേസെടുത്തതിന്റെ പേരില്‍ വിരട്ടാന്‍ നോക്കണ്ട. കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോവില്ലെന്നും കമ്മീഷന്‍ താക്കീത് നല്‍കി. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കാല്‍ നൂറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ല. പ്രബലമായ നിരവധി പേര്‍ കമ്മീഷനു മുന്നില്‍ ഹാജരായി മൊഴി നല്‍കുകയും നിയമവ്യവസ്ഥകള്‍ അംഗീകരിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തിട്ടുണ്ടെന്നും കമ്മീഷന്‍ പത്രക്കുറിപ്പില്‍ പറയുന്നു. പി.സി ജോര്‍ജ്ജ് നടത്തിയ പ്രസ്താവന പദവി മറന്നുള്ളതാണെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസ്‌ഫൈന്‍ പ്രതികരിച്ചു. ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷനെന്നും അവര്‍ പറഞ്ഞു.
വനിതാ കമ്മീഷന്‍ തന്നെ തൂക്കികൊല്ലുമോ എന്നായിരുന്നു പി.സി ജോര്‍ജ്ജിന്റെ പ്രതികരണം. വനിതാ കമ്മീഷന്‍ എന്നു കേട്ടാല്‍ പേടിയാണെന്നും അല്‍പം ഉള്ളി കാട്ടിയാല്‍ കരയാമായിരുന്നു എന്നും പരിഹസിച്ച പി.സി ജോര്‍ജ്ജ് തനിക്ക് നോട്ടീസയച്ചാല്‍ സൗകര്യമുള്ള സമയത്ത് ഹാജരാകുമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ കമ്മീഷന്‍ രംഗത്തുവന്നത്.

SHARE