കുമ്പളത്ത് വീട്ടമ്മയെ കൊന്ന് വീപ്പക്കുള്ളിലാക്കിയത് മകളുടെ കാമുകന്‍

കൊച്ചി: കുമ്പളത്ത് വീപ്പക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി മകളുടെ കാമുകന്‍. ഉദയംപേരൂര്‍ മാങ്കായി കവല തേരേയ്ക്കല്‍ കടവില്‍ തേരേയ്ക്കല്‍ വീട്ടില്‍ ദാമോദരന്റെ ഭാര്യ ശകുന്തള (50)യെ കൊന്നത് എരൂര്‍ സ്വദേശി സജിത്താണെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയതിന് പിറ്റേന്ന് സജിത്തിനെ പൊട്ടാസ്യം സയനേഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി ഏഴിന് തലകീഴായി കൈകാലുകള്‍ മടക്കി വീപ്പയില്‍ കയറ്റിയ ശേഷം കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയിലാണ് കുമ്പളം കായലിനോട് ചേര്‍ന്ന് ഒഴിഞ്ഞ പറമ്പില്‍ ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയത്.

തൃക്കാക്കര ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള എസ്പിസിഎയില്‍ ഇന്‍സ്‌പെക്ടറായി ജോലി നോക്കിയിരുന്ന സജിത്തിന് ശകുന്തളയുടെ മകള്‍ അശ്വതിയുമായി ബന്ധമുണ്ടായിരുന്നു. എരൂരുള്ള സ്ത്രീയെ നിയമപരമായി വിവാഹം കഴിച്ചിട്ടുള്ള സജിത്ത് അശ്വതിയുമായി ഒരുമിച്ച് താമസിക്കുന്നതിനെ ശകുന്തള എതിര്‍ത്തിരുന്നു. സജിത്തിന്റെ വീട്ടില്‍ വിവരം അറിയിക്കുമെന്ന ഭീഷണി ഉയര്‍ത്തുന്നതിനിടെയാണ് ശകുന്തളക്ക് സ്‌കൂട്ടര്‍ അപകടമുണ്ടാകുന്നതും കാലിന് പരിക്കേല്‍ക്കുന്നതും. ഇടതു കണങ്കാലിന് ഓപ്പറേഷന്‍ നടത്തിയശേഷം എരുവേലിയിലുള്ള വീട്ടില്‍ വിശ്രമിച്ച് വരവെ ചിക്കന്‍പോക്‌സും ശകുന്തളയെ പിടികൂടി. ഇതോടെ ശകുന്തളയെ ബാധ്യതയായി കണക്കാക്കി ഇല്ലാതാക്കാന്‍ സജിത്ത് ശ്രമിക്കുകയായിരുന്നു. ശകുന്തളയെ കോട്ടയത്തുള്ള ചേച്ചിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ ശേഷം സജിത്ത് അശ്വതിയേയും കുട്ടികളേയും ഒരു ഹോട്ടലിലേക്ക് മാറ്റി. എരുവേലിയിലുള്ള വാടക വീട്ടില്‍ തനിച്ചായ ശകുന്തളയെ സജിത്ത് കൊലപ്പെടുത്തുകയും മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു.

സജിത്തിന്റെ അവിഹിത ബന്ധം അറിയാവുന്ന എരൂരുള്ള കൂട്ടുകാരനായ ഓട്ടോക്കാരനോട് വെള്ളം പിടിച്ചുവെക്കാനായി ഒരു വീപ്പ സംഘടിപ്പിക്കണമെന്നും വീട്ടിലുള്ളവര്‍ക്കൊക്കെ ചിക്കന്‍ പോക്‌സായതിനാല്‍ വീടിന് പുറത്ത് വെച്ച് തിരികേ പൊയ്‌ക്കോളാനും നിര്‍ദേശിച്ചു. ഇയാള്‍ക്ക് വീപ്പയുടെ തുകയും ഓട്ടോചാര്‍ജും പിന്നീട് നല്‍കുകയും ചെയ്തു. തുടര്‍ന്ന് സജിത്ത് ശകുന്തളയുടെ മൃതദേഹം വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് അടച്ച് ഉറപ്പാക്കി വീട്ടില്‍ സൂക്ഷിച്ചു. വീപ്പ വീട്ടില്‍ നിന്ന് ഒഴിവാക്കുന്നതിന് അഞ്ചുപേരെ ഏര്‍പാടാക്കുകയും ചെയ്തു. ഇവരോട് മൃഗങ്ങളുടെ അസ്ഥികൂടങ്ങളും തലയോട്ടികളുമാണെന്നും ഇറീഡിയം എന്ന ലോഹം ഉണ്ടാക്കാന്‍ ആന്ധ്രയില്‍ നിന്ന് ഒരാളെ കൊണ്ടുവന്നിരുന്നുവെന്നും എന്നാല്‍ ഇറീഡിയം ഉണ്ടാക്കുന്ന രീതി പരാജയപ്പെട്ടെന്നും അതുകൊണ്ട് വേസ്റ്റുകളെല്ലാം വീപ്പകളിലാക്കി കോണ്‍ക്രീറ്റ് ചെയ്തതാണെന്നും ഏതെങ്കിലും വെള്ളമുള്ള സ്ഥലത്ത് വീപ്പ ഉപേക്ഷിക്കണമെന്നും പറ്റിയ സ്ഥലം കുമ്പളത്ത് പാംഫൈബറിന്റെ ഒഴിഞ്ഞ പറമ്പിനോട് ചേര്‍ന്നുള്ള കായലാണെന്നും നിര്‍ദേശിച്ചു.

പിന്നീട് സജിത്തും അശ്വതിയും കുട്ടികളുമായി കുരീക്കാട് കണിയാമലയില്‍ വീട് വാടകക്കെടുത്ത് താമസമാക്കി. ഇതിനിടെ പാംഫൈബര്‍ ഇന്ത്യാലിമിറ്റഡ് എന്ന പറമ്പില്‍ ജെസിബി ഉപയോഗിച്ച് ക്ലീനിംഗ് നടത്തുന്നതിനിടെ വീപ്പ ചെളിയോടൊപ്പം കരയിലേക്കിടുകയുമായിരുന്നു. കരയില്‍ കിടന്ന വീപ്പയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് വാര്‍ത്തയായത്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശകുന്തളയുടെ മകള്‍ അശ്വതിയുടെ ഡിഎന്‍എ പരിശോധിച്ചതില്‍ നിന്നാണ് മരിച്ചത് ശകുന്തളയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. അശ്വതിയുടെ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ പോളീഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സംഭവം നടന്ന് ഒരു വര്‍ഷം തികയുന്ന ദിവസമാണ് വീപ്പയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ദുരൂഹത ഉണര്‍ത്തുന്നതായി പത്രവാര്‍ത്ത വന്നതും പൊലീസ് സംഘം പരിശോധിച്ച് കോണ്‍ക്രീറ്റിനകത്ത് മൃതദേഹമായിരുന്നെന്ന് തിരിച്ചറിഞ്ഞതും. എസ് ഐ തിലക രാജ്, എഎസ്‌ഐ വിനായകന്‍, എഎസ്‌ഐ ശിവന്‍ കുട്ടി, എസ്‌സിപിഒ അനില്‍ കുമാര്‍, സിപിഒ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

SHARE