സ്ത്രീ സുരക്ഷക്കായി ആന്ധ്രയിലെ നിയമം കേരളത്തിലും നടപ്പിലാക്കും

ആന്ധ്രപ്രദേശില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപം നല്‍കിയ നിയമം കേരളത്തിലും നടപ്പാക്കാനൊരുങ്ങുന്നു. ബലാല്‍സംഗക്കേസുകളില്‍ 21 ദിവസത്തിനകം പ്രതികള്‍ക്ക് വധശിക്ഷ അടക്കമുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് ആന്ധ്രയില്‍ നിയമസഭ പാസാക്കിയ ദിശ എന്ന നിയമം.ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ സ്മരണയ്ക്കായാണ് ആന്ധ്രാപ്രദേശ് ദിശാ ആക്ട് ക്രിമിനല്‍ ലോ ആക്ട് 2019 എന്ന പുതിയ നിയമത്തിന് രൂപം നല്‍കിയത്.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ആന്ധ്ര മോഡല്‍ നിയമഭേദഗതി പരിഗണനയിലാണെന്ന് മന്ത്രി കെ.കെ ശൈലജയാണ് അറിയിച്ചത്. ആവശ്യമെങ്കില്‍ ഭേദഗതി കേരളത്തിലും നടപ്പാക്കും. ആന്ധ്രയിലെ നിയമഭേദഗതിയെക്കുറിച്ച് വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും ഹൈദരാബാദ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഡിസംബര്‍ 6 ന് കൊല്ലപ്പെട്ടിരുന്നു. നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ലോറി തൊഴിലാളികളാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്.

രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയങ്കയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായിരുന്നു. സ്‌കൂട്ടര്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. ഹപ്രതികള്‍ ലോറി തൊഴിലാളികളാണെന്ന് കണ്ടെത്തുകയും ഇവരെ പിന്നീട് അവരവരുടെ വീടുകളില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.