മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്ത്രീകളെ കാരിയര്‍മാരായി ഉപയോഗിക്കുന്ന സ്വര്‍ണക്കടത്ത് സംഘം സജീവം. സ്ത്രീകള്‍ കാരിയര്‍മാരായി ഒരു വര്‍ഷത്തിനിടെ 33 കേസുകളാണ് കരിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ കേസുകളിലായി 10.35 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുക്കുകയും ചെയ്തു.
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇതിന്റെ പത്തിരട്ടി സ്വര്‍ണം സ്ത്രീകളെ ഉപയോഗിച്ച് കടത്തിയിട്ടുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയ സ്വര്‍ണത്തിന്റെ 20 ശതമാനവും സ്ത്രീകളില്‍ നിന്നാണ്. സ്ത്രീകളെ പരിശോധിക്കാന്‍ കസ്റ്റംസില്‍ നിലവില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഇതാണ് സ്വര്‍ണക്കടത്തു സംഘങ്ങള്‍ മുതലെടുക്കുന്നത്. എയര്‍ കസ്റ്റംസിലെ 46 ഉദ്യോഗസ്ഥരില്‍ അഞ്ചു പേര് മാത്രമാണ് വനിതകള്‍.
ദിവസേന പല ഷിഫ്റ്റുകളും പ്രവര്‍ത്തിക്കുന്നത് വനിതാ ജീവനക്കാര്‍ ഇല്ലാതെയാണ്. കോംപൗണ്ട് രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തുന്ന സ്വര്‍ണം എക്സ്റേ മെഷിനില്‍ കണ്ടെത്താനുമാകില്ല. ദേഹപരിശോധന മാത്രമാണ് സ്വര്‍ണം കണ്ടെത്താനുള്ള വഴി. ഉദ്യോഗസ്ഥരുടെ കുറവു മൂലം ഇത്തരം പരിശോധനകള്‍ നടക്കാറുമില്ല.