കൊല്‍ക്കത്ത: മുപ്പത് വര്‍ഷം അവര്‍ ജീവിച്ചത് സാധാരണ സ്ത്രീയെ പോലെയായിരുന്നു. സങ്കീര്‍ണതകള്‍ ഇല്ലാത്ത ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് പെട്ടെന്നാണ്. വയറു വേദനയ്ക്ക് ചികിത്സ തേടവെയാണ് യുവതി ആ സത്യം തിരിച്ചറിഞ്ഞത്, താനൊരു പുരുഷനാണെന്ന്!
പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ വിവാഹിതയായ യുവതിയാണ് ഇത്തരമൊരു അപൂര്‍വ്വാവസ്ഥയിലൂടെ കടന്നു പോകുന്നത്. വയറു വേദന വന്ന വേളയില്‍ ചികിത്സ തേടിയ നേതാജി സുഭാഷ് ചന്ദ്രബോസ് കാന്‍സര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് യുവതി പുരുഷനാണ് എന്ന് ‘കണ്ടെത്തിയത്’.
ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. അനുപം ദത്ത, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ സൗമന്‍ ദാസ് എന്നിവരാണ് യുവതിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
‘ആകാരത്തില്‍ ഇവര്‍ സ്ത്രീയാണ്. ശബ്ദം, മാറിടം എന്നിവയെല്ലാം സ്ത്രീയുടേതാണ്. എന്നാല്‍ ഇവര്‍ക്ക് ഗര്‍ഭപാത്രവും അണ്ഡാശയവും ഇല്ല. ജനനം മുതലേ ഇവയില്ല. ആര്‍ത്തവവും ഉണ്ടായിട്ടില്ല. അത് വളരെ അപൂര്‍വ്വമായ ആരോഗ്യാവസ്ഥയാണ്. 22,000ത്തില്‍ ഒരാള്‍ക്ക് സംഭവിക്കാവുന്നത്’ – ഡോക്ടര്‍ ദത്ത പറഞ്ഞു.
യുവതിക്ക് ബ്ലൈന്‍ഡ് വജൈന എന്ന അവസ്ഥയുണ്ടെന്ന പരിശോധന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ കാരിയോടൈപ്പിങ് ടെസ്റ്റ് നടത്തുകയായിരുന്നു. അപ്പോഴാണ് അവരുടെ ക്രോമസോമുകള്‍ എക്സ്,വൈ ആണെന്ന് വ്യക്തമായത്. എക്സ്,എക്സ് ക്രോമസോമുകളാണ് സ്ത്രീകളുടേത്.
വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, ശരീരത്തിനുള്ളില്‍ വൃഷണങ്ങളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ബയോപ്സിയില്‍ ഇവര്‍ക്ക് ടെസ്റ്റിക്കുലര്‍ ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. യുവതി കീമോതെറാപ്പിക്ക് വിധേയായി കൊണ്ടിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇവരുടെ സഹോദരിയിലും മറ്റൊരു തരത്തിലുള്ള അപൂര്‍വ്വ ശാരീരികാവസ്ഥ കണ്ടെത്തിയിട്ടുണ്ട്. 28കാരിയായ ഇവര്‍ക്ക് ആന്‍ഡ്രൊജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രൊം ആണെന്നായിരുന്നു പരിശോധനാഫലം. അതായത്, ജനിച്ചത് പുരുഷനായാണെങ്കിലും ശാരീരിക പ്രത്യേകതകള്‍ സ്ത്രീകളുടേതിനു സമാനമായിരിക്കും.
ജീനുകളിലൂടെ ആയിരിക്കാം ഈ ശാരീരികാവസ്ഥകള്‍ ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമ്മ വഴിയുള്ള രണ്ട് ബന്ധുക്കള്‍ക്കും ഇത്തരത്തിലുള്ള ശാരീരിക അവസ്ഥയുണ്ടായിരുന്നതായി ഡോക്ടര്‍ ദത്ത വെളിപ്പെടുത്തി.