സി.പി.എം ബ്രാഞ്ച് കമ്മിറ്റിയായി വനിതാ കമ്മീഷന്‍; വിമര്‍ശനം ശക്തമാവുന്നു

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ പക്ഷപാതപരമായി പെരുമാറുന്ന വനിതാ കമ്മീഷന്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. സി.പി.എം നേതാക്കള്‍ ആരോപണ വിധേയരായ കേസുകളില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ നിശബ്ദ പാലിക്കുകയും യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ തിരക്കിട്ട് നടപടി സ്വീകരിക്കുകയും ചെയ്യുന്നതായാണ് വിമര്‍ശനം.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ച ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയുടെ നടപടി മനുഷ്യസഹചമായ തെറ്റ് മാത്രമാണ് എന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞത്. ലൈംഗിക പീഡനത്തെ കുറിച്ച് അറിഞ്ഞത് മറച്ചുവെച്ചാല്‍ പോലും കേസെടുക്കണമെന്നാണ് നിയമം എന്നിരിക്കെ പീഡനക്കേസ് പാര്‍ട്ടി ഏകപക്ഷീയമായി അന്വേഷിച്ച് ഒതുക്കിയിട്ടും വനിതാ കമ്മീഷന്‍ നിശബ്ദത പാലിക്കുകയായിരുന്നു.

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പേരെടുത്ത് പറഞ്ഞ് അപമാനിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ വനിതാ കമ്മീഷന്‍ തയ്യാറായില്ല. രമ്യ ഹരിദാസ് പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. അതേസമയം കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനെതിരെ പത്രവാര്‍ത്തയുടെ പേരില്‍ കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു.

വനിതാ കമ്മീഷന്‍ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കമ്മീഷന്‍ അധ്യക്ഷ രാഷ്ട്രീയക്കാരിയെ പോലെ പെരുമാറുന്നുവെന്നും വിഷയങ്ങളെ അവര്‍ രാഷ്ട്രീയമായാണ് കാണുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

SHARE