മാധ്യമ പ്രവര്‍ത്തകയെ അക്രമിസംഘം വെട്ടികൊലപ്പെട്ടുത്തി

ധാക്ക: ബംഗ്ലാദേശ് മാധ്യമ പ്രവര്‍ത്തകയെ അക്രമിസംഘം വെട്ടികൊലപ്പെട്ടുത്തി. ബംഗ്ലാദേശിലെ സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടിവി കറസ്പോണ്ടന്റ് സുബര്‍ണ നോഡി (32)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമിസംഘം സുബര്‍ണയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തുകയായിരുന്നു.

രാത്രി 10.45ന് ബൈക്കിലെത്തിയ അക്രമികള്‍ സുബര്‍ണ്ണയുടെ വീടിനു മുന്നിലെ കോളിങ് ബെല്‍ അമര്‍ത്തി. വാതില്‍ തുറന്ന സുബര്‍ണയെ കൈയില്‍ കരുതിയിരുന്ന ആയുധമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സമീപവാസികള്‍ സുബര്‍ണയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പത്തോളം പേര്‍ സംഘത്തിലുണ്ടായിരുന്നെന്നും പൊലിസ് മാധ്യമങ്ങളോട് പറഞ്ഞു.

സുബര്‍ണ്ണ വിവാഹമോചന ഹര്‍ജി നല്‍കിയ ശേഷം ഒന്‍പത് വയസുള്ള മകളുടെയും അമ്മയുടെയുമൊപ്പമാണ് താമസിച്ചിരുന്നത്.തന്റെ മകളെ ആക്രമിച്ചതില്‍ ഒരാള്‍ മുന്‍ഭര്‍ത്താവാണെന്ന് മരിക്കുന്നതിന് മുമ്പ് തന്നോട് പറഞ്ഞതായി സുബര്‍ണ്ണയുടെ മാതാവ് പൊലീസില്‍ മൊഴി നല്‍കി.