ഭര്‍ത്താവ് ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുത്തില്ല; ഭാര്യ ആത്മഹത്യ ചെയ്തു

ചെന്നൈ: ഭര്‍ത്താവ് ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുക്കാത്ത ദേഷ്യത്തില്‍ ഭാര്യ ജീവനൊടുക്കി. 28കാരിയായ സൗമ്യയാണ് ഭര്‍ത്താവിനോടുള്ള ദേഷ്യത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. തമിഴ്‌നാട്ടിലെ മാമല്ലപുരത്താണ് ഞെട്ടിക്കുന്ന സംഭവം. ഇവിടെ പൂഞ്ചേരി ഗ്രാമവാസികളാണ് സൗമ്യയും ഭര്‍ത്താവായ മനോഹരനും.

ഇക്കഴിഞ്ഞ ബുധനാഴ്ച ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് സമീപത്തായി പുതിയ ഒരു ഭക്ഷണശാല തുറന്നിരുന്നു. ഉദ്ഘാടനം പ്രമാണിച്ച് ഒന്നു വാങ്ങിയാല്‍ ഒന്നു സൗജന്യം എന്ന ഓഫറും നല്‍കിയിരുന്നു. ഇതറിഞ്ഞ സൗമ്യ ഭര്‍ത്താവിനോട് ചിക്കന്‍ ബിരിയാണി ആവശ്യപ്പെട്ടു. എന്നാല്‍ ചിക്കന്‍ ബിരിയാണി തീര്‍ന്നു പോയതിനാല്‍ കുസ്‌ക (പ്ലെയിന്‍ ബിരിയാണി) വാങ്ങിയാണ് മനോഹരന്‍ എത്തിയത്. ഇതില്‍ ദേഷ്യം വന്ന സൗമ്യ കുസ്‌ക കഴിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭക്ഷണം അടുത്ത വീട്ടുകാര്‍ക്ക് നല്‍കിയ ശേഷം മനോഹരന്‍ ജോലി സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.

ഇതിന് പിന്നാലെ ഇവര്‍ താമസിച്ചിരുന്ന രണ്ട് നില കെട്ടിടത്തിലെ ടെറസില്‍ കയറിയ സൗമ്യ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ആളുകള്‍ തീയണച്ച് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഇവര്‍ വെള്ളിയാഴ്ചയോടെ മരിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സൗമ്യയ്ക്ക് പത്തും പതിനൊന്നും വയസുള്ള രണ്ട് മക്കളുണ്ട്.

SHARE