പീഡനക്കേസ് ഒതുക്കാന്‍ 35 ലക്ഷം രൂപ കൈക്കൂലി ചോദിച്ചു; ഗുജറാത്തില്‍ വനിതാ എസ്.ഐ അറസ്റ്റില്‍

അഹമ്മദാബാദ്: പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയില്‍ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി ചോദിച്ച വനിതാ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. അഹമ്മദാബാദ് വെസ്റ്റ് മഹിളാ പൊലീസ് സ്റ്റേഷനിലെ ശ്വേത ജഡേജയാണ് അറസ്റ്റിലായത്. അഹമ്മദാബാദിലെ കമ്പനി മാനേജര്‍ക്കെതിരെ രണ്ട് വനിതാ ജീവനക്കാര്‍ നല്‍കിയ കേസിലാണ് ശ്വേത കൈക്കൂലി ചോദിച്ചത്.

കെനാല്‍ ഷാ എന്നയാളാണ് കേസിലെ പ്രതി. ഇയാളുടെ സഹോദരന്‍ ബവേഷ് വഴിയാണ് ഉദ്യോഗസ്ഥ കൈക്കൂലി ആവശ്യപ്പെട്ടത്. 35 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും 20 ലക്ഷത്തിന് പറഞ്ഞുറപ്പിക്കുകയായിരുന്നു. ഇടനിലക്കാരന്‍ മുഖേന കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ തുക കൈപറ്റി. പിന്നെയും 15 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച കോടതി മുമ്പാകെ ഹാജരാക്കിയ ഇവരെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

SHARE