പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ വീണുമരിച്ചു

ഭോപ്പാല്‍: പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ വീണുമരിച്ചു. മധ്യപ്രദേശിലെ മാന്‍ഡസോറിലാണ് സംഭവം. മാന്‍ഡസോര്‍ ഗവണ്‍മെന്റ് കോളേജിലെ പ്രൊഫസറായ ആര്‍.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയുമാണ് കനാലില്‍ വീണത്. വ്യാഴാഴ്ച രാവിലെ 7.30 നാണ് സംഭവം നടന്നത്.

മൂന്നുപേരും ഒരുമിച്ചുള്ള സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ നിന്നിരുന്ന ചെറുപാലം തകര്‍ന്നുവീഴുകയും അമ്മയും മകളും കനാലിലേക്ക് വീഴുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. ഇരുവരും വെള്ളത്തില്‍ വീണതറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികളും പിന്നാലെയെത്തിയ പൊലീസും പരിശ്രമിച്ചിട്ടും ഇരുവരെയും ജീവനോടെ രക്ഷിക്കാനായില്ല.

ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ 39 പേരാണ് മധ്യപ്രദേശില്‍ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴുപേരും മഴക്കെടുതിയില്‍ മരണമടഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് നര്‍മദ, ക്ഷിപ്ര, ബേത്വ, തപി, തവ, ചമ്പല്‍, പാര്‍വതി എന്നീ നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ പ്രളയം ഉണ്ടായത്.

SHARE