മുത്തശ്ശിയോട് അമിത സ്‌നേഹം കാണിച്ച ആറ് വയസുകാരന്‍ മകനെ അമ്മ കുത്തിക്കൊന്നു

ജലന്ധര്‍: മുത്തശ്ശിയോട് അമിത സ്‌നേഹം കാണിച്ച ആറ് വയസുകാരന്‍ മകനെ അമ്മ കുത്തിക്കൊന്നു. മകനെ കൊന്നതിന് പിന്നാലെ അമ്മജീവനൊടുക്കാന്‍ ശ്രമിച്ചു. പഞ്ചാബിലെ ജലന്ധറിലെ ഷാഹ്‌കോട്ടിലാണ് ദാരുണമായ സംഭവം. കുല്‍വീന്ദര്‍ കൗര്‍(30) എന്ന യുവതിയാണ് മകന്‍ അര്‍ഷ്പ്രീതിനെ കുത്തിക്കൊന്ന ശേഷം വീടിന്റെ രണ്ടാംനിലയില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുല്‍വീന്ദറിന്റെ ഭര്‍ത്താവിന് ഇറ്റലിയിലാണ് ജോലി. ജലന്ധറില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇവരുടെ താമസം. ആറ് വയസുകാരനായ മകന്‍ മിക്കസമയവും മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പം സമയം ചെലവഴിക്കുന്നതില്‍ യുവതി അസ്വസ്ഥയായിരുന്നു. മുത്തശ്ശിയെ മകന്‍ ഏറെ സ്‌നേഹിക്കുന്നതും കുല്‍വീന്ദര്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

തിങ്കളാഴ്ച രാത്രിയും ഭക്ഷണം കഴിച്ചശേഷം മകന്‍ മുത്തശ്ശിയുടെ കിടപ്പുമുറിയിലേയ്ക്കാണ് പോയത്. ഇതില്‍ കുപിതയായ കുല്‍വീന്ദര്‍ മകനെ സ്വന്തം മുറിയിലേയ്ക്ക് കൊണ്ടുവരികയും കറിക്കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. രണ്ട് തവണയാണ് മകനെ കത്തികൊണ്ട് കുത്തിയത്. കരച്ചില്‍ കേട്ടെത്തിയ മുത്തച്ഛനും മുത്തശ്ശിയും ചോരയില്‍ക്കുളിച്ച് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.

SHARE