ഖുശ്ബു ജന്‍മദിന കേക്ക് മുറിച്ചു; അവസാനമായി

മുംബൈ: 29ാം പിറന്നാള്‍ ആഘോഷത്തിലായിരുന്നു ഖുശ്ബു മെഹ്ത. കമല മില്‍സ് കോംപ്ലക്‌സിലെ നാല് നില കെട്ടിടത്തിന്റെ റൂഫ് ടോപ് റസ്‌റ്റൊറന്റിലായിരുന്നു ആഘോഷം. സുഹൃത്തുക്കളുടെ ആശംസാ ഗാനങ്ങളുടെ അകമ്പടിയോടെ ആഹ്ലാദവതിയായിരുന്നു അവര്‍. കാത്തിരിക്കുന്ന ദുരന്തത്തെ കുറിച്ച് അവള്‍ അറിഞ്ഞതേയില്ലായിരുന്നു. ഒപ്പം സുഹൃത്തുക്കളും. ഖുശ്ബു പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സുഹൃത്തുക്കള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

എന്നാല്‍ ആ ആഘോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. കമല മില്‍സ് അഗ്‌നിനാളങ്ങള്‍ വിഴുങ്ങിയപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട 15 പേരില്‍ അവളുമുണ്ടായിരുന്നു. ഒപ്പം ആശംസകളുമായെത്തിയ അവളുടെ സുഹൃത്തുക്കളും. നിരവധി പബ്ബുകളും ഹോട്ടലുകളും സേനാപതി മാര്‍ഗിലുള്ള കമല മില്‍സ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഗ്നിബാധയുണ്ടായാല്‍ സ്വീകരിക്കേണ്ട ഒരു രക്ഷാ മാര്‍ഗവും റസ്‌റ്റൊറന്റിലുണ്ടായിരുന്നില്ലെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്റെ പേരമകളുടെ പിറന്നാളായിരുന്നു ഇന്ന്, അവള്‍ മരണത്തിന് കീഴടങ്ങി. തീയണക്കാനുള്ള ഉപകരണങ്ങളോ അപകടത്തില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള സൗകര്യമോ ആ റസ്റ്റൊറന്റിലുണ്ടായിരുന്നില്ല. ഇതൊന്നും പരിശോധിക്കാന്‍ ആരും മുന്നോട്ട് വന്നില്ല. പൊലീസും അധികൃതരും നോക്കുകുത്തിയായി- വിതുമ്പലോടെ ഖുശ്ബുവിന്റെ മുത്തച്ഛന്‍ പറഞ്ഞു. ഖുശ്ബുവിന്റെ മൃതശരീരം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

SHARE