ഇന്റര്‍വ്യൂവിന് പോയ യുവതി മരിച്ച നിലയില്‍; ദുരൂഹത

കൊച്ചി: അഭിമുഖത്തിനായി വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴുപുന്നസൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടില്‍ ചന്ദ്രബോസിന്റെ മകള്‍ സാന്ദ്ര(19) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് ശേഷം സാന്ദ്രയെ ആരോ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നും, എത്തുമ്പോള്‍ തന്നെ മരിച്ച നിലയില്‍ ആയിരുന്നെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് മൃതദേഹം ഉള്ളത്.

കൊച്ചിയില്‍ ജോലിക്കാര്യത്തിനുള്ള ഇന്റര്‍വ്യൂവിന് പോകുന്നതായി തലേന്ന് യുവതി അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് എഴുപുന്നയിലെ വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് എടവനക്കാട് സ്വദേശിയായ യുവാവിനെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

SHARE