കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ മാസവും ശരാശരി പിന്‍വലിച്ചതിനെക്കാള്‍ നാലിരട്ടി പണമാണ് ബാങ്ക് ശാഖകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും ആളുകള്‍ പിന്‍വലിച്ചത്. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ അളവില്‍ മാര്‍ച്ച് മാസം മാത്രം 86,000 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. മാര്‍ച്ച് മാസത്തില്‍ 23,41,851 കോടി രൂപയുടെ കറന്‍സിയാണ് ആളുകളുടെ കൈവശമുണ്ടായിരുന്നത്. മാര്‍ച്ച് 13 വരെയുള്ള രണ്ടാഴ്ച കാലം 52,541 കോടി രൂപയാണ് കൂടുതല്‍ പിന്‍വലിച്ചതെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആഴ്ച ഉള്‍പ്പെടുന്ന മാര്‍ച്ച് മാസത്തിലെ അവസാനത്തെ രണ്ടാഴ്ച 33,539 കോടി രൂപയാണ് കൂടുതലായി ജനങ്ങള്‍ പിന്‍വലിച്ചത്.
കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, സിനിമാ ഹാളുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ അടച്ചുപൂട്ടുകയും സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങള്‍ ശക്തമാക്കുകയും ചെയ്തതോടെ ലോക്ക്ഡൗണിന് മുന്നോടിയായി ആളുകള്‍ പണം സ്വരൂപിക്കാന്‍ തുടങ്ങിയതാണ് ഈ കുതിപ്പിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.