കോവിഡ്: രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ- രോഗബാധിതര്‍ 85,000 കടന്നു

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൈറസിന്റെ ഉത്ഭവ രാജ്യമായ ചൈനയെ മറികടന്ന് ഇന്ത്യ. ഇതുവരെ 85,546 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2746 പേര്‍ മരിച്ചു. കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.

അസുഖ ബാധിതരുടെ എണ്ണത്തില്‍ മറികടന്നെങ്കിലും ചൈനയുടെ അത്ര മരണനിരക്ക് രാജ്യത്ത് ഉണ്ടായിട്ടില്ല. 3.2 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ചൈനയില്‍ ഇത് 5.5 ശതമാനമാണ്. ചൈനയില്‍ ഒരു മാസമായി കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാ‌ജ്യത്ത് ഇതുവരെ 27,000 ത്തില്‍ അധികം പേര്‍ രോഗമുക്തി നേടി. ചൈനയില്‍ 82,933 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 4633 പേര്‍ മരണത്തിന് കീഴടങ്ങി.

യുഎസിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കു പ്രകാരം 14,63,301 പേര്‍ക്കാണ് യുഎസില്‍ കോവിഡ് ബാധിച്ചത്. 87,248 പേരാണ് യുഎസില്‍ മരിച്ചത്. സ്‌പെയിനില്‍ 2,74,367 പേര്‍ക്കും റഷ്യയില്‍ 2,62,843 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 45 ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. മൂന്നുലക്ഷത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. 17,27,999 പേരാണ് രോഗമുക്തി നേടിയത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 29,100 പോസിറ്റീവ് കേസുകള്‍. 1068 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയില്‍ മാത്രം ആയിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 10,108 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 71 പേര്‍ മരിച്ചു. ഗുജറാത്തില്‍ 9,932 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.