കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ഒരു ലക്ഷത്തിലേറെ ആളുകള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ബുധനാഴ്ച 40 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ രോഗികളുടെ എണ്ണം നാലക്കത്തിലെത്തി 1,003 ആയി. സംസ്ഥാനത്ത് ഇതുവരെ ആറു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം കോവിഡ് ബാധിച്ച് വിദേശത്ത് വെച്ച് മരിച്ച മലയാളികളുടെ എണ്ണം 173 ആയി.

ഇതുവരെയുള്ള റെക്കോര്‍ട്ട് സ്ഥിരീകരണം നടത്തിയ ചൊവ്വാഴ്ച 67 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതോടെ ആറുദിവസത്തിനിടെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 313 പ്ലസ് ആയി. ഇന്നലെ വരെ സംസ്ഥാനത്ത് 963 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,336 പേരാണ് ഇന്നലെവരെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,528 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 808 പേര്‍ ആസ്പത്രികളിലും നിരീക്ഷണത്തിലാണ്. 186 പേരെയാണ് ഇന്നലെ മാത്രം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ഇങ്ങനെ.

തിരുവനന്തപുരം ജില്ലയില്‍ ആകെ 7301 പേരാണ് നിരീക്ഷണത്തിലുള്ളത്. 7199 പേര്‍ വീടുകളിലും 102 പേര്‍ ആസ്പത്രികളിലും കഴിയുന്നു. എറണാകുളം ജില്ലയില്‍ ആകെ 9541 പേരാണ് നിരീക്ഷണത്തിലുള്ളത്. 9479 പേര്‍ വീടുകളിലും 62 പേര്‍ ആസ്പത്രികളിലുമാണ്.
മലപ്പുറം ജില്ലയില്‍ ആകെ 11616 പേരാണ് നിരീക്ഷണത്തിലുള്ളത്. 11491 പേര്‍ വീടുകളിലും 125 പേര്‍ ആസ്പത്രികളിലും.
കോഴിക്കോട് ആകെ 8912 പേരാണ് നിരീക്ഷണത്തിലുള്ളത്. 8850 പേര്‍ വീടുകളിലും 62 പേര്‍ ആസ്പത്രികളിലും.

അതിര്‍ത്തി ജില്ലകളായ പാലക്കാട് വയനാട് ജില്ലകളില്‍ പാലക്കാട് ആകെ 11116 പേരാണ് നിരീക്ഷണത്തിലുള്ളത്. 11030 പേര്‍ വീടുകളിലും 86 പേര്‍ ആസ്പത്രികളിലും. വയനാട് ആകെ 3849 പേരാണ് നിരീക്ഷണത്തിലുള്ളത്. 3837 പേര്‍ വീടുകളിലും 12 പേര്‍ ആസ്പത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് പിടിപെട്ടത്. കണ്ണൂര്‍-നാല്, പാലക്കാട്-രണ്ട്, കോട്ടയം-ഒന്ന് എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്. ഇന്നലെ ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.