ധാക്ക: ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരുടെ പട്ടിക ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുള്‍ മോമെന്‍. ഇന്ത്യ നല്‍കുന്ന പട്ടികയില്‍ ഉള്ളവരെ തിരികെ സ്വീകരിക്കുമെന്നും അബ്ദുള്‍ മോമെന്‍ ഞായറാഴ്ച പറഞ്ഞു. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ പ്രഖ്യാപനം. സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നില്‍ പൗരത്വ ഭേദഗതി നിയമം അല്ലെന്നും മറ്റ് തിരക്കുകളാണെന്നും വ്യക്തമാക്കിയ അബ്ദുള്‍ മോമെന്‍ ഇന്ത്യയുമായുള്ള ബംഗ്ലാദേശ് ബന്ധം സാധാരണ നിലയിലാണെന്നും കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പൗരത്വ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക കാരണങ്ങള്‍ കൊണ്ട് ചില ഇന്ത്യക്കാര്‍ ബംഗ്ലാദേശിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം ധാക്കയില്‍ പറഞ്ഞു. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് തിരികെ സ്വന്തം രാജ്യത്തേക്ക് എത്തുന്നതില്‍ ഒരുവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലെന്നും അബ്ദുള്‍ മോമെന്‍ വിശദമാക്കി.