‘പ്രതിഷേധക്കാരോട് നാം പ്രതികാരം ചെയ്യും’-ഭീഷണിയുമായി ആദിത്യനാഥ്

ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവര്‍ക്കെതിരെ ഭീഷണിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷേധക്കാര്‍ സര്‍ക്കാറിന്‍റെ പ്രതികാര നടപടി നേരിടേണ്ടി വരുമെന്നും അക്രമമുണ്ടാക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. 
ജനാധിപത്യത്തില്‍ ആക്രമണത്തിന് സ്ഥാനമില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെയെന്ന പേരില്‍ എസ്‍.പി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ ആക്രമണം അഴിച്ചുവിടുകയാണ്. രാജ്യത്തെ തീയിലേക്ക് തള്ളിവിടുകയാണ് ഇവര്‍ ചെയ്യുന്നത്. ലക്നൗവിലും സംഭാലിലും ആക്രമണമുണ്ടായി. സര്‍ക്കാര്‍ ശക്തമായി നേരിടും. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്ന് തന്നെ ഈടാക്കും. സി.സി.ടി.വി ദൃശ്യങ്ങളും വീഡിയോകളും പരിശോധിച്ച് പ്രതിഷേധക്കാര്‍ക്കുനേരെ പ്രതികാര നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനുമതിയില്ലാതെ സംസ്ഥാനത്ത് പ്രതിഷേധം നടത്താന്‍ പാടില്ല. പ്രതിഷേധത്തിന്‍റെ പേരില്‍ ലഹള അനുവദിക്കില്ല. സാധാരണക്കാരന്‍റെ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും മതത്തിനോ സമൂഹത്തിനോ എതിരല്ല. അഭയാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് നിയമം ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തരേന്ത്യയിലടക്കം സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് യു.പി മുഖ്യമന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ ലക്നൗവില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 

SHARE