പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം തുടര്‍ന്നാല്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബി.ജെ.പി

കൊല്‍ക്കത്ത: ബംഗാളില്‍ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം കനത്തതോടെ, തല്‍സ്ഥിതി തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് ആരോപിച്ച സിന്‍ഹ, മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു.

‘പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ അവര്‍ കാര്യമായി ഒന്നും ചെയ്തില്ല. ഞങ്ങള്‍ രാഷ്ട്രപതി ഭരണത്തെ അനുകൂലിക്കുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ അരാജകത്വം നിലനില്‍ക്കുകയാണെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ല. സംസ്ഥാനം മുഴുവന്‍ കത്തി നശിക്കുമ്പോള്‍ ഒരു നിശബ്ദ കാഴ്ചക്കാരനെപ്പോലെ നില്‍ക്കുകയാണ് സര്‍ക്കാര്‍’ – സിന്‍ഹ കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

പ്രക്ഷോഭകാരികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാത്തതിന് മമതയെ വിമര്‍ശിച്ച സിന്‍ഹ, തന്റെ പ്രസ്താവനകളിലൂടെ മമത തന്നെയാണ് ജനങ്ങളെ അക്രമത്തിനായി പ്രേരിപ്പിക്കുന്നതെന്നും ആരോപിച്ചു. ബംഗാളിലെ സമാധാനം കാംക്ഷിക്കുന്ന മുസ്‌ലിം ജനതയല്ല, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ് അക്രമസംഭവങ്ങള്‍ക്കു പിന്നില്‍. തങ്ങളുടെ പേര് കലാപകാരികള്‍ കളങ്കപ്പെടുത്താതിരിക്കാന്‍ ബംഗാളിലെ മുസ്‌ലിം സമൂഹം ജാഗ്രത പാലിക്കണമെന്നും സിന്‍ഹ പറഞ്ഞു.

ബംഗാളില്‍ പൗരത്വ നിയമത്തിനെതിരെ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ഒഴിഞ്ഞ ട്രെയിനുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. ഹൗറ ജില്ലയിലെ സംക്രയില്‍ റെയില്‍വേ സ്‌റ്റേഷന്‍ സമുച്ചയത്തിന്റെ ഒരു ഭാഗത്തിനും തീവച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭകാരികള്‍ റോഡ് ഉപരോധിച്ചു.പോരദംഗ, ജംഗിപുര്‍, ഫറക്ക, ബൗറിയ, നല്‍പുര്‍ സ്‌റ്റേഷനുകള്‍, ഹൗറ ജില്ലയിലെ സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തി. സംയമനം പാലിക്കണമെന്ന് പ്രക്ഷോഭകാരികളോട് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്.

SHARE