തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ രാജി സമര്‍പ്പിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ കണ്ണന്‍ ഗോപിനാഥനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ സാഹചര്യത്തില്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ പ്രതിരോധ നടപടികളുടെ ഭാഗമാകുമെന്നും ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ അറിയിച്ചു.


കേന്ദ്രസര്‍ക്കാര്‍ അയച്ച കത്ത് ട്വിറ്ററില്‍ കണ്ണന്‍ പങ്കുവച്ചു.
‘ഐ.എ.എസ് ആയി ഉത്തരവാദിത്വങ്ങള്‍ വീണ്ടും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ കത്തു കിട്ടി. എന്നാല്‍ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ആരോഗ്യവും സമ്പത്തും മനസ്സും സര്‍ക്കാറിന് നല്‍കുന്നുവെങ്കില്‍ അത് സ്വതന്ത്രനും ഉത്തരവാദിത്വവുമുള്ള പൗരന്‍ എന്ന നിലയിലായിരിക്കും. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലായിരിക്കില്ല’ എന്ന് ട്വിറ്ററില്‍ കണ്ണന്‍ വ്യക്തമാക്കി.
‘എട്ടു മാസമായി സര്‍വീസില്‍ നിന്ന് രാജിവച്ചിട്ട്. സര്‍ക്കാറിന് പീഡിപ്പിക്കാന്‍ മാത്രമാണ് അറിയുക. ഇനിയും തന്നെ പീഡിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്നറിയാം. എന്നാലും ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞാന്‍ സര്‍ക്കാറിന് ഒരു വളണ്ടിയറായി സേവനം ചെയ്യാന്‍ സന്നദ്ധനാണ്. എന്നാല്‍ ഐ.എ.എസില്‍ തിരികെ പ്രവേശിക്കാനില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വീസില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കണ്ണന്‍ രാജിസമര്‍പ്പിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരനിയമം റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു രാജി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ രാജി പരിഗണിച്ചിരുന്നില്ല. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.