പ്രധാനമന്ത്രി യജമാനനല്ല, ഇങ്ങനെയെങ്കില്‍ ഈ യുദ്ധം തോറ്റുപോകും- മുന്നറിയിപ്പുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: അധികാര വികേന്ദ്രീകരണത്തിലൂടെ മാത്രമേ കോവിഡ് പ്രതിസന്ധിയെ മറികടക്കാനാകൂ എന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി സഹപ്രവര്‍ത്തകരായി കാണണമെന്നും അവര്‍ക്ക് അധികാരം കൈമാറണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ് 17ന് അവസാനിക്കുന്ന ലോക്ക്ഡൗണില്‍ നിന്ന് മുക്തി നേടുന്നതിനെ കുറിച്ച് സര്‍ക്കാറിന് കൃത്യമായ പദ്ധതികള്‍ വേണം. ‘ശക്തനായ’ പ്രധാനമന്ത്രിയെ മാത്രമല്ല, ശക്തരായ മുഖ്യമന്ത്രിമാരെ കൂടി രാജ്യത്തിനു വേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് മാത്രം അധികാരങ്ങള്‍ പരിമിതപ്പെട്ടാല്‍ ഈ യുദ്ധം തോറ്റു പോകും. പ്രധാനമന്ത്രി അധികാരം വിട്ടു കൊടുക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ ജോലീ ശൈലി അദ്ദേഹത്തിന് ശരിയായിരിക്കാം. എന്നാല്‍ രാജ്യം അനിതര സാധാരണമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ശക്തനായ പ്രധാനമന്ത്രിയെ മാത്രമല്ല, ശക്തരായ നിരവധി നേതാക്കളെ വേണം. മുഖ്യമന്ത്രിമാരും ജില്ലാ മജിസ്‌ട്രേറ്റുമാരും വേണം. പഞ്ചായത്ത്, ജില്ലാ, സംസ്ഥാന തലങ്ങളിലും ദേശഭക്തരായ നേതാക്കള്‍ വേണം. ദേശീയ തലത്തില്‍ അല്ല, പ്രാദേശിക തലത്തില്‍ നേരിട്ടാല്‍ മാത്രമേ കോവിഡിനെ തുരത്താനാകൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാതെ ലോക്ഡൗണ്‍ ഈ രീതിയില്‍ തുടരാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് ഉടന്‍ സഹായമെത്തിക്കണം. സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണം. ചെറുകിട വ്യവസായികള്‍ക്ക് സഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സുതാര്യമായ സമീപനം സ്വീകരിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.