റാപ്പിഡ് ടെസ്റ്റുകള്‍ രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഐ.സി.എം.ആര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കോവിഡ് കണ്ടെത്താനുള്ള ദ്രുത പരിശോധനാരീതിയായ റാപ്പിഡ് ടെസ്റ്റ് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിര്‍ദ്ദേശം. പരിശോധനാഫലത്തിലെ കൃത്യതയില്ലായ്മയെക്കുറിച്ച് പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ട് ദിവസത്തേക്ക് ഉപയോഗിക്കരുതെന്നാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ചു വിലയിരുത്തി രണ്ടു ദിവസത്തിനകം മാര്‍ഗനിര്‍ദേശം നല്‍കുമെന്നും ഐ.സി.എം.ആര്‍. വക്താവ് രമണ്‍ ആര്‍ ഗംഗാഖേദ്കര്‍ വ്യക്തമാക്കി.

റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വലിയ അന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിരുന്നു. രാജസ്ഥാന്‍ അടക്കം പല സംസ്ഥാനങ്ങളും പരിശോധന നിര്‍ത്തിവെച്ചിരുന്നു. അടുത്ത രണ്ടു ദിവസം കൊണ്ട് ഞങ്ങളുടെ സംഘങ്ങള്‍ കിറ്റുകള്‍ പരിശോധിക്കുകയും പിശക് സാധൂകരിക്കുകയും ചെയ്ത് ഉപദേശം നല്‍കുമെന്ന് ആര്‍ ഗംഗാഖേദ്കര്‍ കൂട്ടിച്ചേര്‍ത്തു.