കൊച്ചി: രണ്ടു ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഇന്ന് തിരിച്ചു കയറിയിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ പവന് 280 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. പവന് 39,480 രൂപ. ബുധനാഴ്ച ഒറ്റ ദിവസം കൊണ്ട് 1600 രൂപയുടെ ഇടിവുണ്ടായ ശേഷമാണ് സ്വര്‍ണം തിരിച്ചു കയറിയത്.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണ വില വര്‍ദ്ധിച്ചത് മറ്റു രാജ്യങ്ങളിലെ വിപണിയെയും സ്വാധീനിച്ചു. ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണം തിരിച്ചുവരാനുള്ള പ്രധാന കാരണം. ആഗോളവിപണിയില്‍ ഇന്ന് സ്പോട് ഗോള്‍ഡ് വ്യാപാരത്തില്‍ 1.12 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. ട്രായ് ഔണ്‍സിന് (31.1 ഗ്രാം) 1935.9 ഡോളറിലെത്തിയാണ് വ്യാപാരം ക്ലോസ് ചെയ്തത്. കഴിഞ്ഞയാഴ്ച 1900 ഡോളറില്‍ നിന്ന് താഴോട്ടു പോയ ശേഷമാണ് സ്വര്‍ണം തിരിച്ചെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ട്രായ് ഔണ്‍സിന് 2072.50 ഡോളര്‍ ആയിരുന്നു വില.

ഇതിനിടെ, ചൊവ്വാഴ്ച ഏഴു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവും സ്വര്‍ണത്തിന് നേരിട്ടിരുന്നു. ചൊവ്വാഴ്ച 5.7 ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. യു.എസില്‍ കോവിഡ് രോഗികള്‍ കുറഞ്ഞു വരുന്നത്, ഉത്തേജക പാക്കേജ്, കറന്‍സി വിനിമയത്തില്‍ ഡോളര്‍ കരുത്തു നേടിയത് തുടങ്ങിയവ സ്വര്‍ണത്തിന് തിരിച്ചടിയായി.
പ്രധാനപ്പെട്ട ആഗോള കറന്‍സികള്‍ക്കെതിരെയുള്ള വിനിമയത്തില്‍ ഡോളറിന് തുടര്‍ച്ചയായ ഇടിവാണ് ഉണ്ടാകുന്നത്്. വ്യാഴാഴ്ച യൂറോയുമായുള്ള വിനിമയത്തില്‍ 1.804 ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ചയും യൂറോപ്യന്‍ കറന്‍സിക്കെതിരെ ഡോളറിന്റെ മൂല്യം 0.4 ശതമാനം ഇടിഞ്ഞിരുന്നു. ബ്രിട്ടീഷ് പൗണ്ട് യു.എസ് കറന്‍സിക്കെതിരെ 0.15 ശതമാനം വളര്‍ച്ച കൈവരിച്ചു. സ്വിസ് ഫ്രാങ്കിനെതിരെ 0.2 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ സ്പോട് ഗോള്‍ഡ് വില പത്തു ഗ്രാമിന് 52410 രൂപ എന്ന നിലയിലാണ്. ഇന്നലെ 52400 രൂപയായിരുന്നു. ആഗോള തലത്തില്‍ സ്പോട് ഗോള്ഡിന് 1.12 ശതമാനം വളര്‍ച്ച കൈവരിക്കാനായപ്പോള്‍ ഇന്ത്യയില്‍ അത് 0.2 ശതമാനം മാത്രമാണ്. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) പത്തു ഗ്രാം സ്വര്‍ണത്തിന് 52544 രൂപയാണ് ഇപ്പോഴത്തെ വില. സ്പോട് ഗോള്‍ഡ് വിപണിയിലെയും ആഗോള വിപണിയിലെയും ട്രന്‍ഡ് തന്നെയാണ് എംസിഎക്സിലും കാണപ്പെട്ടത്.
കഴിഞ്ഞ ആറുമാസത്തിനിടെ വിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വ്യാപാരമാണ് സ്വര്‍ണം. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ഡോളറിന്റെ വിലയിടിവ് എന്നിവയാണ് സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റിയത്. കോവിഡ് വാക്സിനെതിരെ റഷ്യ പുറത്തിറക്കിയ വാക്സിനും സ്വര്‍ണ വിപണിയെ ബാധിച്ചു എന്നും കരുതപ്പെടുന്നു. ആഗോള ബാങ്കുകളിലെ പലിശ നിരക്കുകള്‍ പൂജ്യത്തിലേക്കെത്തിയതും നിക്ഷേപകരെ സ്വര്‍ണത്തില്‍ പണമിറക്കാന്‍ പ്രേരിപ്പിച്ചു.
സ്വര്‍ണവില ഇനിയും താഴോട്ടു പോകുമോ എന്നതാണ് വലിയ ചോദ്യം. യു.എസിലെ രാഷ്ട്രീയ പ്രശ്നങ്ങളും ഡോളറിന്റെ വിലയിടിവും അതിന് കാരണമാകുമെന്ന് ചില വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ യു.എസില്‍ കോവിഡ് കേസുകള്‍ താഴോട്ടു പോകുന്ന സാഹചര്യത്തില്‍ സമ്പദ് രംഗം പുഷ്ടിപ്പെടും. ഇതു സ്വര്‍ണവിലയില്‍ പ്രതിഫലനമുണ്ടാക്കും എന്ന് വിദഗദ്ധര്‍ പറയുന്നു.