സസ്‌പെന്‍സ് പൊളിച്ചതിന് ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചു; നിയമനടപടിക്കൊരുങ്ങി കെ.ആര്‍.കെ

മുംബൈ: അനാവശ്യ വിവാദങ്ങളിലൂടെ കുപ്രസിദ്ധി നേടിയ സംവിധായകനാണ് കമാല്‍ റാഷിദ് ഖാന്‍ എന്ന കെ.ആര്‍.കെ. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ പരിഹസിച്ചതിനാല്‍ മലയാളികള്‍ക്ക് ഇദ്ദേഹം സുപരിചിതനുമാണ്. എന്നാല്‍ ബോളിവുഡ് താരം ആമിര്‍ഖാനു പിന്നാലെയാണ് കെ.ആര്‍.കെ ഇപ്പോള്‍. ആമിറിന്റെ പുതിയ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ സസ്‌പെന്‍സ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയാണ് കെ.ആര്‍.കെ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സഹിക്കെട്ട ആമിര്‍ പരാതി നല്‍കിയതോടെ അധികൃതര്‍ കെ.ആര്‍.കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചു. ദീപാവലി ദിനത്തിലാണ് കെ.ആര്‍.കെ ആമിര്‍ഖാനെതിരെ ട്വിറ്ററില്‍ നീക്കം നടത്തിയത്. ചിത്രത്തിന്റെ റിവ്യൂ ഉള്‍പ്പെടുത്തിയ ട്വീറ്റില്‍ കെ.ആര്‍.കെ, സിനിമയുടെ ക്ലൈമാക്‌സ് വെളിപ്പെടുത്തുകയായിരുന്നു. ഇതിനെതിരെയാണ് ആമിര്‍ഖാന്‍ നിയമസഹായം തേടിയത്.
എന്നാല്‍ ട്വിറ്റര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.ആര്‍.കെ പറഞ്ഞു. നാലു വര്‍ഷം കൊണ്ട് 60 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ അക്കൗണ്ടാണ് തന്റേതെന്നും അതിന് ഒരുപാട് പണം ചെലവായിട്ടുണ്ടെന്നും കെ.ആര്‍.കെ പറഞ്ഞു. ട്വിറ്റര്‍ അധികൃതരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അജയ് ദേവഗാന്റെ ശിവായി എന്ന ചിത്രത്തിന് മോശം റിവ്യൂ എഴുതിയതിന് സമാനരീതിയില്‍ കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്കും കെ.ആര്‍.കെയുടെ അക്കൗണ്ട് പൂട്ടിച്ചിരുന്നു.

SHARE