വിദ്യാര്‍ത്ഥി വേട്ട; ഉന്നതതല അന്വേഷണം വേണമെന്ന് വൈസ് ചാന്‍സലര്‍

ന്യൂഡല്‍ഹി: അനുവാദമില്ലാതെ കാമ്പസില്‍ കയറി അതിക്രമം കാട്ടിയതിന് ഡല്‍ഹി പൊലീസിനെതിരെ പരാതി നല്‍കുമെന്ന് ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അഖ്തര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ഞായറാഴ്ച സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ ഉന്നതതല അന്വേഷണം വേണമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ രണ്ട് ജാമിഅ വിദ്യാര്‍ത്ഥികള്‍ മരിച്ചെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും അവര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ മരിച്ചെന്ന അഭ്യൂഹങ്ങള്‍ തെറ്റാണ്. 200ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിലധികവും വിദ്യാര്‍ത്ഥിനികളാണ്. പൊലീസ് തകര്‍ത്ത വസ്തുവകകള്‍ വീണ്ടും സൃഷ്ടിക്കാനാകും. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ പഴയ മാനസികാവസ്ഥ വീണ്ടെടുക്കാന്‍ കഴിയില്ല- അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പൊലീസ് നടപടി ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. പൊലീസ് അനുവാദമില്ലാതെയാണ് കാമ്പസിനുള്ളില്‍ കയറി അതിക്രമം കാട്ടിയത്. ഇതിനെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്ന് മാനവ വിഭവശേഷി വികസന മന്ത്രിയോട് ആവശ്യപ്പെടും. വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ മാനസിക ആഘാതം പരിഹരിക്കാനാകില്ല. പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചാണ് പൊലീസ് ലൈബ്രറി തകര്‍ത്തത്. തെറ്റുകാര്‍ ആരാണെന്ന് കണ്ടെത്തി നടപടിയെടുക്കണം.