സ്ത്രീധന തര്‍ക്കം: 25കാരിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു; ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍

ലക്‌നൗ: സ്ത്രീധനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഇരുപത്തിയഞ്ചുകാരിയായ യുവതിയെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചു. അലിഗഡ് സ്വദേശി സഫര്‍ അലിയുടെ മകള്‍ ബാരിഷ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം സഹിബബാദ് മേഖലയില്‍ നിന്നാണ് സ്യൂട്ട് കേസിലാക്കിയ നിലയില്‍ അജ്ഞാതയായ യുവതിയുടെ മൃതേദഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ഗസീയബാദ് പൊലീസ് ഇവര്‍ ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതേദഹം ഇവിടെ കൊണ്ട് വന്ന് ഉപേക്ഷിച്ചതാകാം എന്ന പ്രാഥമിക സംശയത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമീപത്തെ സിസിറ്റിവി ദൃശ്യങ്ങള്‍ അടക്കം തെളിവിനായി ശേഖരിച്ചുവെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ ചിത്രം വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചു.

ഇതാണ് കേസില്‍ വഴിത്തിരിവായതെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം 1500ഓളം ഗ്രൂപ്പുകളില്‍ ചിത്രം പ്രചരിച്ചു. ഇതില്‍ നിന്നും യുവതിയെ തിരിച്ചറിഞ്ഞ ഡല്‍ഹിയിലുള്ള ബന്ധു കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കുടുംബാംഗങ്ങള്‍ പൊലീസിനെ സമീപിച്ചു യുവതിയെ തിരിച്ചറിഞ്ഞു. ഈയടുത്താണ് ബുലന്ദ്ഷഹറിലെ യുവാവുമായി ബാരിഷയുടെ വിവാഹം നടന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 25ന് ബാരിഷയുടെ മാതാപിതാക്കള്‍ സ്ത്രീധന പീഡനം ആരോപിച്ച് മകളുടെ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ കാണാതായതെന്നാണ് ആരോപണം. രണ്ട് ദിവസത്തിന് ശേഷമാണ് സ്യൂട്ട് കേസില്‍ അടച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്.

യുവതിയുടെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തതുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അധിക സത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഡനത്തിനിടെയാണ് ബാരിഷ കൊല്ലപ്പെട്ടത്. തുടര്‍ന്ന് മൃതദേഹം ഒരു സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു.

SHARE