‘ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു’; സംവിധായകന്‍ അറസ്റ്റില്‍

ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ച തമിഴ് സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരിയിലാണ് സന്ധ്യ(39)യുടെ ശരീരഭാഗങ്ങള്‍ നഗരത്തിലെ കുപ്പത്തൊട്ടിയില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ജാഫര്‍ഖാന്‍പേട്ടിലെ വീട്ടില്‍ നിന്നാണ് ഗോപാലകൃഷ്ണന്‍(51) അറസ്റ്റിലായത്.

പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി 19-നാണ് സന്ധ്യയുടെ ഒരു കൈയ്യും രണ്ട് കാലുകളും കോര്‍പ്പറേഷന്റെ കുപ്പത്തൊട്ടിയില്‍ നിന്നും കണ്ടെടുത്തത്. നഗരത്തിലെ ശുചീകരണ തൊഴിലാളികളാണ് ഇത് ആദ്യം കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. കൈയ്യില്‍ പച്ച കുത്തിയിരുന്നു. ആദ്യം പൊലീസിന് മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍ സന്ധ്യയെ കാണാനില്ലെന്ന പരാതി നേരത്തേ ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കണ്ടെടുത്തത് സന്ധ്യയുടെ ശരീര ഭാഗങ്ങള്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിനിടെ താന്‍ കുറ്റകൃത്യം നടത്തിയതായി ഗോപാലകൃഷ്ണന്‍ സമ്മതിക്കുകയായിരുന്നു.

2010-ല്‍ സന്ധ്യയുടെ പണം ഉപയോഗിച്ച് ഗോപാലകൃഷ്ണന്‍ ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ചിത്രം പരാജയപ്പെട്ടതോടെ ഇവര്‍ സാമ്പത്തികമായി തകരുകയും തുടര്‍ന്ന് ഗോപാലകൃഷ്ണന്‍ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കുമൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയും ചെയ്തു. ഇരുവര്‍ക്കും ഇടയില്‍ പതിയെ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ഇത് പലപ്പോഴും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് എത്തുകയും ചെയ്ത സാഹചര്യത്തില്‍ ഇവര്‍ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു. സന്ധ്യ വീട് വിട്ടു പോയെങ്കിലും ഇരുവരും പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. സന്ധ്യക്കും ഗോപാലകൃഷ്ണനും ഒരു മകളും മകനും ഉണ്ട്.

‘തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ സന്ധ്യക്ക് മറ്റൊരാളുമായി അടുപ്പം ഉള്ളതായി ഗോപാലകൃഷ്ണന് സംശയമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഗോപാലകൃഷ്ണന്‍ സന്ധ്യയെ വീട്ടിലേക്ക് ക്ഷണിച്ചു. സന്ധ്യ വീട്ടില്‍ എത്തിയ ദിവസം മുതല്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. പൊങ്കല്‍ ആഘോഷങ്ങളുടെ തൊട്ടടുത്ത ദിവസം, ജനുവരി 18-ന് ഗോപാലകൃഷ്ണന്‍ സന്ധ്യയെ അടിക്കുകയും അതിന്റെ ആഘാതത്തില്‍ അവര്‍ കൊല്ലപ്പെടുകയും ചെയ്തു. കുറ്റകൃത്യം മറച്ചുവെക്കാന്‍ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, ഗോപാലകൃഷ്ണന് തനിച്ച് സന്ധ്യയുടെ ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റാന്‍ കഴിയില്ലെന്നാണ് പൊലീസ് സംശയിക്കുന്നത്. സുഹൃത്തുക്കളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

SHARE