ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊന്നു

തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യയും അമ്മയും മകളും ചേര്‍ന്ന് തീകൊളുത്തി കൊന്നു. കെട്ടിട നിര്‍മ്മാണ കരാറുകാരനായ പി. കന്തസ്വാമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കന്തസ്വാമിയുടെ ഭാര്യ അങ്കമ്മാള്‍, മകള്‍, അങ്കമ്മാളിന്റെ മാതാവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് കന്തസ്വാമിയുടെ ദേഹത്ത് തീപടര്‍ന്നു പിടിച്ചിരിക്കുന്നത് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് കന്തസ്വാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവദിവസം അങ്കമ്മാളും മകളും പകല്‍സമയം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കന്തസ്വാമി മാത്രമെ വീട്ടിലുണ്ടായിരുന്നെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അര്‍ധരാത്രിയോടെ അങ്കമ്മാളിന്റെ അമ്മയോടൊപ്പം തിരിച്ചെത്തുകയായിരുന്നു. പിന്നീട് കൊല നടത്തിയതിന് ശേഷം ഓടിരക്ഷപ്പെടുകയുമായിരുന്നു.അങ്കമ്മാളിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അങ്കമാള്‍ പറഞ്ഞു.

SHARE