ഭാര്യയുടെ കിഴങ്ങുകറി കഴിക്കാത്തതിന് ഭര്‍ത്താവിന്റെ തോളെല്ലു പൊട്ടിച്ചു


ഭാര്യ ഉണ്ടാക്കിയ കിഴങ്ങുകറി കഴിക്കാതിരുന്ന ഭര്‍ത്താവിന് മര്‍ദനം. അത്താഴത്തിനായി ചപ്പാത്തിക്കൊപ്പം ഉണ്ടാക്കിയ കിഴങ്ങുകറി പ്രമേഹരോഗിയായ ഭര്‍ത്താവ് കഴിച്ചില്ല. ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന കാരണത്താലാണ് കഴിക്കാതിരുന്നത്. ഇതില്‍ ക്ഷുഭിതയായ ഭാര്യ ഭര്‍ത്താവിനെ ശകാരിക്കുകയും അലക്കാനുപയോഗിക്കുന്ന കല്ലുപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംംഭവത്തില്‍ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. അഹമ്മദാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഡോക്ടര്‍ കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയതിനാലാണ് കറി വേണ്ടെന്ന് പറഞ്ഞതെന്ന് ഭര്‍ത്താവ് പരാതിയില്‍ പറയുന്നു.

ഹര്‍ഷദ് ഗോയല്‍ എന്ന നാല്‍പ്പതുകാരന്റേതാണ് പരാതി. ഇവര്‍ക്ക് നാലു പെണ്‍കുട്ടികളാണ് ഉള്ളത്. ഭാര്യ താര ഗോയലിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ തമ്മില്‍ നിരന്തരം കലഹം ഉണ്ടാകുമായിരുന്നു. രാത്രിഭക്ഷണത്തിനായി ചപ്പാത്തിക്കൊപ്പം കിഴങ്ങുകറി നല്‍കിയപ്പോള്‍ തനിക്ക് ഇത് കഴിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. അത് ഭാര്യക്ക് രസിച്ചില്ല. അവര്‍ ഉടനെ തന്നെ അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചു. പിന്നീട് ബാത്‌റൂമിലേക്ക് പോയി അവിടെ നിന്ന് അലക്കാനുപയോഗിക്കുന്ന തടിക്കഷ്ണം ഉപയോഗിച്ച് പൊതിരെ തല്ലുകയായിരുന്നു. ഹര്‍ഷദ് പറയുന്നു.
ഹര്‍ഷദ് ഉച്ചത്തില്‍ കരയുന്നത് കേട്ടാണ് വീട്ടിലുള്ളവര്‍ കാര്യമറിയുന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തിനെ ആശുപത്രിയില്‍ കൊണ്ടുപോയി. വലതുതോളിലായി പൊട്ടലുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

SHARE