സംഗീത സംവിധായകന് എ.ആര് റഹ്മാന്റെ മകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി എത്തിയ എഴുത്തുകാരി തസ്ലിമ നസ്രീനെ വീണ്ടും പരോക്ഷമായി പരിഹസിച്ച് മകള്‍ ഖദീജ റഹ്മാന്. ബുര്‍ഖ ധരിച്ചെത്തുന്ന റഹ്മാന്റെ മൂത്ത മകള്‍ ഖദീജയെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നായിരുന്നു, വസ്ത്ര സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുത പുറത്താക്കി തസ്ലിമ കുറിച്ചത്. തസ്ലിമ നസ്രീനെ വിവാദ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭലത്തില്‍ തക്കതായ മറുപടിയുമായി ഖദീജയും രംഗത്ത് വന്നിരുന്നു.
എന്നാലിപ്പോള്‍, തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച പുതിയ കുടുംബ ചിത്രത്തിലൂടെയാണിപ്പോള് ഖദീജ, തസ്ലിമയെ പരോക്ഷമായി പരിഹസിച്ചിരിക്കുന്നത്. സാധാരണ ബുര്‍ഖയോ ഹിജാബോ ഒന്നും പിന്തുടരാത്ത സഹോദരിക്കും പിതാവിനുമൊപ്പമുള്ള ചിത്രമാണ് ഖതീജ സമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചത്.
‘ശ്വാസംമുട്ടലില്‍’ നിന്നുമകന്ന് സമാധാനത്തോടെ കുടുംബത്തിനൊപ്പം, എന്നാണ് ഖദീജ പോസ്റ്റില്‍ കുറിച്ചത്. ഇന്‍സ്റ്റഗ്രാം പങ്കുവച്ച ചിത്രമാണ് ഇതിനകം വലിയ ചര്‍ച്ചയായി കഴിഞ്ഞു.
കഴിഞ്ഞ ദിവസവും വസ്ത്രധാരണ വിഷയത്തില്‍ വിമര്‍ശകര്‍ക്കെതിരെ ചോദ്യങ്ങളുമായ ഖദീജ രംഗത്തുവന്നിരുന്നു. ഒരു പ്രത്യേക വിശ്വാസത്തില്മാത്രംപെടുന്ന സ്ത്രീകളുടെ കാര്യത്തില്‍ ആളുകള്‍ ആശങ്കപ്പെടുന്നത് എന്തുകൊണ്ടെന്നായിരുന്നു ഖദീജയുടെ സംശയം. ഇത് ഇരട്ടത്താപ്പല്ലേയെന്നും അവള് ചോദിച്ചു. തലപ്പാവ് ധരിക്കുന്ന പുരുഷന്മാരെ ഞങ്ങള്‍ കണ്ടിട്ടില്ലേ? ഷാളുകള്‍ വെച്ച് തലമറക്കുന്ന ധരിക്കുന്ന സ്ത്രീകളെ കണ്ടില്ലേ? എന്നിട്ടും എന്തുകൊണ്ടാണ് പൂര്‍ണ്ണഹൃദയത്തോടെയും അഭിമാനത്തോടെയും കൂടി ഒരുവേഷം തെരഞ്ഞെടുക്കുന്ന ഒരു പ്രത്യേക വിശ്വാസത്തിലെ മാത്രം സ്ത്രീകള്‍ മാത്രം നിങ്ങള്‍ ലക്ഷ്യമിടുന്നത്. എനിക്ക് മനസ്സിലാകുന്നില്ല!! എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? ഖദീജ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചു.

ഖദീജയുടെ വസ്ത്രധാരണത്തെക്കുറിച്ച് നേരത്തേയും ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാൽ ഇതിനെതിരെ വിശദീകരണവുമായി എ.ആര് റഹ്മാൻ തന്നെ രംഗത്തെത്തിയിരുന്നു. ‘freedom to choose’ എന്ന ഹാഷ് ടാഗോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് റഹ്മാന് വിമര്‍ശകർക്ക് തക്കതായ മറുപടി നൽകിയത്. ഭാര്യയും മക്കളും നിതാ അംബാനിക്കൊപ്പം നില്ക്കുന്ന ചിത്രമാണ് റഹ്മാന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തില്‍ ഭാര്യ സൈറ തല മാത്രമേ മറച്ചിട്ടുള്ളു. മറ്റൊരു മകള്‍ റഹീമ മതപരമായ യാതൊരു അടയാളങ്ങളും ഇല്ലാതെയാണ് വസ്ത്രം ധരിച്ചിട്ടുള്ളത്. ഈ ഫോട്ടോയിലും ഖദീജ മുഖം മൂടുന്ന തരത്തിലുളള നിഖാബാണ് ധരിച്ചിരിക്കുന്നത്.