സത്യത്തില്‍ കോവിഡ് വൈറസ് ചൈനീസ് ആയുധമാണോ? റേഡിയോ കനഡ പറയുന്നത് ഇങ്ങനെ

കനഡ: ആഗോളതലത്തില്‍ പടര്‍ന്നു പിടിച്ച കോവിഡ് വൈറസ് ചൈനീസ് നിര്‍മിതമാണ് എന്ന ഗൂഢാലോചനാ തിയറിക്ക് പ്രചാരമേറെയുണ്ട്. സ്വന്തം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ വേണ്ടി ചൈന ഉപയോഗിച്ച ആയുധമാണ് ഈ വൈറസ് എന്നാണ് ഈ ആരോപണം. പരീക്ഷണത്തിനിടെ ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് പുറത്തുപോയത് എന്ന വാദങ്ങളുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട കഥകളും ഊഹാപോഹങ്ങളും സജീവമാണ്. എന്നാല്‍ അത്തരത്തിലുള്ള ഗൂഢാലോചനാ തിയറിക്ക് ഒരടിസ്ഥാനവുമില്ല എന്നാണ് കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (റേഡിയോ കനഡ) പറയുന്നത്. ഇതിന് മൂന്നു കാരണങ്ങളാണ് റേഡിയോ കനഡയില്‍ വന്ന ഗവേഷണ ലേഖനം ചൂണ്ടിക്കാട്ടുന്നത്.

ഒന്ന്- മഹാമാരിക്ക് മുമ്പു തന്നെ മന്ദഗതിയിലായ ചൈനീസ് സമ്പദ് വ്യവസ്ഥ വൈറസിന്റെ വരവോട് നിശ്ചലമായി.
രണ്ട്- വ്യവസായ മേഖലയുടെ നട്ടെല്ലായ നിര്‍മാണരംഗം ഇപ്പോഴും അതിന്റെ മൊത്തം പ്രവര്‍ത്തന ക്ഷമതയുടെ പകുതിയിലാണ് ഓടുന്നത്.
മൂന്ന്- മഹാമാരിയോടെ ചൈന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന രാഷ്ട്രങ്ങള്‍ സമ്പൂര്‍ണ്ണമായി സ്തംഭിച്ചു.

കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി നടത്തിയ സാമ്പത്തിക വിദഗ്ദ്ധരുടെ പോളില്‍ നാലു ദശാബ്ദത്തിനിടെയുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ജി.ഡി.പി വളര്‍ച്ചയില്‍ ചൈനയെ കാത്തിരിക്കുന്നത്. 1976ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ഉണ്ടാകുക എന്നാണ് വിലയിരുത്തല്‍. 1.7 ശതമാനത്തിലെക്ക് പ്രതിവര്‍ഷ ജി.ഡി.പി വളര്‍ച്ച താഴും. മുന്‍ വര്‍ഷത്തെ 6.7 ശതമാനത്തില്‍ നിന്നാണ് ഇത്രയും വലിയ താഴ്ചയുണ്ടാകുക- വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.


അതിനിടെ, വൈറസ് ഭീതി താല്‍ക്കാലകമായി ഒഴിഞ്ഞ സാഹചര്യത്തില്‍ രാജ്യത്തെ ഫാക്ടറികള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിലെ വുഹാന്‍ 76 ദിവസം അടച്ചിട്ട ശേഷമാണ് കഴിഞ്ഞയാഴ്ച ചൈനീസ് ഭരണകൂടം തുറന്നത്.

SHARE