തീവ്ര ദേശീയതക്കാലത്ത് വായിക്കേണ്ടത് ടാഗോറിനെ

ഷുക്കൂര്‍ ഉഗ്രപുരം
ടാഗോറിന്റെ ഇന്ത്യയെക്കുറിച്ചുള്ള ആശയം തികച്ചും സമന്വയമായിരുന്നു. എല്ലാ ജനതകളേയും സംസ്‌കാരങ്ങളേയും സ്വാഗതംചെയ്യുന്ന ഒരു നാഗരികതയെ വളരെ വൈവിധ്യമാര്‍ന്ന ബഹുസ്വര സമൂഹത്തില്‍ വിവിധ പരമ്പരാഗത ജീവിതരീതികളില്‍ എന്‍കോഡ് ചെയ്ത സഹിഷ്ണുതയില്‍ അതിഷ്ഠിതമായതാണ് എന്ന് അദ്ദേഹം സങ്കല്‍പ്പിച്ചു. ബ്രിട്ടീഷ് രാജിനെതിരായ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ദേശീയത വളര്‍ന്നത്. അത്തരത്തിലുള്ള ദേശീയതയുടെ സ്വരം സ്വാഭാവികമായും വിമോചനപരമായിരുന്നു, കാരണം ഇത് റിപ്പബ്ലിക് ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെടുന്നതിന്റെ ഭാഗമായായിരുന്നു സൃഷ്ടിക്കപ്പെട്ടത്. ഇപ്പോള്‍ ദേശീയതയുടെ വാചാടോപങ്ങള്‍ പുറം തള്ളല്‍, ഒഴിവാക്കല്‍ (ഋഃരഹൗശെീി) ദിശയിലേക്ക് വഴിമാറി. നമ്മുടെ സ്വന്തം ചരിത്രത്തില്‍ ദേശീയതയെക്കുറിച്ചുള്ള സമഗ്രമായ ധാരണക്കെതിരെ മുന്നറിയിപ്പ് നല്‍കുന്ന ബദല്‍ വിവരണങ്ങള്‍ നമുക്ക് നല്‍കിയവരുണ്ട്. ഇത്തരം ജാഗ്രത രബീന്ദ്രനാഥ ടാഗോറിന്റെ കൃതികളില്‍ കാണാം. ദേശീയതയെക്കുറിച്ചുള്ള സങ്കല്‍പനാത്മകതയും ധാരണയും പുനരവലോകനം ചെയ്യേണ്ടതാണ്. ജാതിക്കും മതത്തിനും അതീതമായി ഓരോ ഭാരതീയനെയും മനുഷ്യനായി കാണാന്‍ കഴിയുമ്പോള്‍ മാത്രമേ സ്വാതന്ത്ര്യത്തിനുള്ള അവകാശമുള്ളു എന്ന് അദ്ദേഹത്തിന്റെ ഒരു കൃതിയില്‍ ഊന്നിപ്പറയുന്നുണ്ട്.
ഇന്ന് ദേശീയതയുടെ ഈ അംഗത്വം ഭൂരിപക്ഷത്തിന് മാത്രമുള്ളതാണ്. അതേസമയം ന്യൂനപക്ഷങ്ങളെ ഈ പൊതുവായ അംഗീകാരത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. രാജ്യത്തെവിടെയെങ്കിലും ഒരു സ്‌ഫോടനം നടന്നാല്‍ അതിനെ ശക്തമായി അപലപിച്ച് മുസ്‌ലിം സംഘടനകള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതമാകുന്നത് ടാഗോര്‍ സൂചിപ്പിച്ച ഈ ദേശീയതയുടെ ബഹിര്‍സ്ഫുരണം എന്ന രീതിയില്‍ വേണം മനസ്സിലാക്കാന്‍. ടാഗോറിന്റെ സാംസ്‌കാരികതയെക്കുറിച്ചുള്ള ധാരണ വായിക്കുമ്പോള്‍ ദേശീയതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകളെക്കുറിച്ചും സൂചനകള്‍ നേടാനാകും. 19 ാം നൂറ്റാണ്ടിലെ പല ഇന്ത്യന്‍ ചിന്തകരില്‍ (രാം മോഹന്‍ റോയ്, സ്വാമി വിവേകാനന്ദന്‍, ശ്രീ അരബിന്ദോ) നിന്നും വ്യത്യസ്തമായി ടാഗോര്‍ പറയുന്നത് പുരാണ കൃതികളും ഇവിടുത്തെ മതഗ്രന്ഥങ്ങളും ക്ലാസിക്കല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കേന്ദ്ര ബിന്ദുവാകാമെന്നും എന്നാല്‍ താല്‍ക്കാലിക ആശയങ്ങളില്‍ വേരൂന്നിയ അവ വിരല്‍ചൂണ്ടുന്നത് ഇന്ത്യന്‍ സാംസ്‌കാരിക ഐക്യത്തിലേക്കല്ലെന്നും ടാഗോര്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ കാലത്തെ ചിന്തകരില്‍നിന്നും മറ്റു പലരില്‍നിന്നും വ്യത്യസ്തമായി ടാഗോര്‍ വിശ്വസിക്കുന്നത് ഇന്ത്യയുടെ കാനോനിക്കല്‍ ഗ്രന്ഥങ്ങളായ വേദങ്ങള്‍, ഉപനിഷത്തുകള്‍, ഗീത എന്നിവ ഇന്ത്യയുടെ ക്ലാസിക്കല്‍ സംസ്‌കാരത്തിന്റെ പ്രധാന ഭാഗമായിരിക്കാമെങ്കിലും അവ ഇന്ത്യന്‍ ഐക്യത്തിന്റെ ഹൃദയമായി മാറുകയോ ഐക്യത്തിന് അത് അടിസ്ഥാനം നല്‍കുകയോ ചെയ്യുന്നില്ല. ഇന്ത്യന്‍ ദേശീയത എന്നത് പ്രധാനമായും അക്കാലത്തെ ഹിന്ദു ദേശീയവാദികളുടെ സൃഷ്ടിയായിരുന്നു. ഈ പദത്തിന്റെ വികലതക്കുള്ള പരിഹാരമാണ് ടാഗോറിന്റെ ദേശസ്‌നേഹത്തിന്റെ നിര്‍വചനം; അദ്ദേഹത്തിന്റെ നിര്‍വചനം സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു, അത് അതിരുകള്‍ മറികടന്ന് മനുഷ്യരാശിയെ ഉദ്ദേശിച്ചുള്ളതാണ്. ദേശസ്‌നേഹം ഒരിക്കലും അന്തിമ ആത്മീയ അഭയമാകരുത്. എന്റെ അഭയം മാനവികതയിലാണ്. ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം മാനവികതക്കുമേല്‍ ദേശ സ്‌നേഹത്തെ വിജയിക്കാന്‍ അനുവദിക്കില്ല എന്നദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചിരുന്നു. രാജ്യം എന്നത് മാനവികതയുടെ ആദര്‍ശങ്ങളേക്കാള്‍ മഹത്തായതാണ് എന്ന പാഠങ്ങളെ നിരാകരിച്ചാല്‍ മാത്രമേ ഇന്ത്യക്കാര്‍ക്ക് അവരുടെ യഥാര്‍ത്ഥ ഇന്ത്യയെ നേടാനാവൂ എന്നും ടാഗോര്‍ പറയുന്നു.
മനുഷ്യരാശിയുടെ ഐക്യം സാധ്യമാക്കാന്‍ ദേശീയതയുടെ തടവ് ഭേദിക്കുന്നതിനുള്ള അനിവാര്യതയെ കുറിച്ച് മോഡേണ്‍ റിവ്യൂവില്‍ ടാഗോര്‍ എഴുതിയിട്ടുണ്ട്. ടാഗോറിന്റെ അഭിപ്രായത്തില്‍ ദേശീയത സമൂഹത്തിലെ സചേതന ബന്ധങ്ങളെ പ്രകടിപ്പിക്കുന്നില്ല; സാമൂഹിക ജീവി എന്ന രീതിയില്‍ ഒരു വ്യക്തിയുടെ സ്വമേധയാ ഉള്ള സ്വയം പ്രകടനത്തിനും അത് അവസരം നല്‍കുന്നില്ല. ഇവിടെ സ്വാഭാവികമായും മനുഷ്യ ബന്ധങ്ങള്‍ നിയന്ത്രിക്കപ്പെടുന്നു. മനുഷ്യര്‍ക്ക് പരസ്പരം സഹകരിച്ച് ജീവിത ആശയങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും; എന്നാല്‍ സംഘടിതമായ ഒരു കൂട്ടം രാഷ്ട്രീയ വാണിജ്യ വിഭാഗക്കാര്‍ക്ക് കീഴില്‍ അവയെല്ലാം നിഷ്പ്രഭമായിരിക്കും. അതില്‍ ആ വിഭാഗക്കാര്‍ അവരുടെ ലാഭം പുരോഗതി ശക്തി എന്നിവ വര്‍ധിപ്പിക്കാന്‍വേണ്ടി മാത്രമായിരിക്കും പരിശ്രമിക്കുന്നത്. അതൊരു ജനതയുടെ സംഘടിത സ്വാര്‍ത്ഥതാല്‍പര്യമാണ്. അത് ഏറ്റവും കുറഞ്ഞ രീതിയില്‍ മാത്രം ആത്മീയതയും മാനവികതയും പ്രസരിപ്പിക്കുന്നതായിരിക്കും. ടാഗോര്‍ ദേശീയതയെ കാണുന്നത് മാനവികതക്ക് എതിരായുള്ള ആവര്‍ത്തിച്ചുള്ള ഭീഷണിയായാണ്. കാരണം ഭൗതികവും യുക്തിസഹവുമായ പ്രവണതയോടൊപ്പം അത് മനുഷ്യാത്മാവിനെ ചവിട്ടിമെതിക്കുന്നു എന്നതിനാലും മനുഷ്യന്റെ വികാരം; മനുഷ്യനില്‍ അന്തര്‍ലീനമായ നന്മയെയും ദൈവത്വത്തെയും ആത്മാവില്ലാത്ത ഒരു ഓര്‍ഗനൈസേഷന് കീഴ്‌പ്പെടുത്തുന്നതിലൂടെ അത് മനുഷ്യന്റെ ധാര്‍മ്മിക സന്തുലിതാവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നുവെന്നതിനാലുമാണെന്ന് ടാഗോര്‍ എഴുതി. എന്നും മാനവികതയുടെ പക്ഷത്താണ് അദ്ദേഹം നിലയുറപ്പിച്ചത്. മനസ് നിര്‍ഭയമായിരിക്കണമെന്നും ശിരസ് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കണമെന്നും ഒരിടത്ത് പറയുന്ന ടാഗോര്‍ മറ്റൊരിടത്ത് സ്വാതന്ത്ര്യം സത്യത്തെ ഗ്രഹിക്കാന്‍ ആവശ്യമാണെന്നും ഭരണകൂടഭീകരത അതിനെ നശിപ്പിക്കുമെന്നും അടിവരയിട്ട് പറയുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടാണ് അന്ന് ജപ്പാനെയും ഇറ്റലിയെയും തള്ളിപ്പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.
സാംസ്‌കാരിക സമന്വയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിക്കുന്നത് ദേശീയതയെ വസ്തുനിഷ്ഠമായി വിമര്‍ശിച്ചുകൊണ്ടാണെന്നത് ഏറെ ശ്രദ്ധേയമാണ്. പരിമിതമായ തോതില്‍ ദേശീയത ആവശ്യമാണെന്ന് അംഗീകരിക്കുമ്പോള്‍തന്നെ പരിധിവിട്ടുള്ള ഈ വികാരം സര്‍വനാശത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിക്കുന്നു. ദേശീയതയെ ആത്മീയതയുടെ അവസാനത്തെ ആലയമായി കാണാനാവില്ലെന്നും അങ്ങനെ ചെയ്യുന്നത് ഡയമണ്ടിന്റെ വിലക്ക് ഗ്ലാസ് വാങ്ങുന്നതിന് സമാനമാണെന്നുമാണ് ടാഗോറിന്റെ പക്ഷം. കുടുംബവും ലോകവും എന്ന നോവലില്‍ ഇക്കാര്യം വളരെ വിശദമായിത്തന്നെ അദ്ദേഹം പ്രതിബാധിച്ചിട്ടുണ്ട്. സംസ്‌കാരങ്ങളെ സമഭാവനയോടെ കാണാനാവാത്തതുമൂലം ദേശീയത മനുഷ്യന്റെ കാഴ്ചപ്പാടുകളെ എങ്ങനെ വിഷലിപ്തമാക്കുന്നു എന്നാണ് അദ്ദേഹം ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്.
ആധുനിക നാഗരികതയെക്കുറിച്ചുള്ള ടാഗോറിന്റെ വിമര്‍ശനം രാഷ്ട്രത്തിന്റെയും ദേശീയതയുടെയും ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നതില്‍ വ്യക്തമായ ആവിഷ്‌കാരം കണ്ടെത്തുന്നു. ടാഗോര്‍ രാഷ്ട്രത്തെ ഒരു ജനതയുടെ രാഷ്ട്രീയ സാമ്പത്തിക യൂണിയനായി നിര്‍വചിക്കുന്നു, വാണിജ്യവും ശാസ്ത്രവും ദേശീയതയെ അവരുടെ എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഉപകരണമായി ഉപയോഗിക്കുന്നു. ആധുനിക പാശ്ചാത്യ ‘രാഷ്ട്രീയ നാഗരികതയുടെ’ ആഴത്തിലുള്ള എല്ലാ ന്യൂനതകളും തുറന്ന്കാണിക്കേണ്ടവയും എതിര്‍ക്കപ്പെടേണ്ടവയുമാണെന്ന് ടാഗോര്‍ പറയുന്നു . 1933ല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ഏകാധിപതിയായ ചാന്‍സലറായി അവരോധിക്കപ്പെട്ടപ്പോള്‍ ടാഗോര്‍ എഴുതി ‘യൂറോപ്പിന്റെയാകെ സാംസ്‌കാരിക വെളിച്ചം ഏറ്റവും തിളങ്ങിനിന്നിരുന്ന ജര്‍മ്മനി സംസ്‌കാരത്തിന്റെ മൂല്യങ്ങളെയാകെ പിച്ചിച്ചീന്തിയിരിക്കുന്നു. മിണ്ടാനാവാത്ത ഒരു പൈശാചികത ആ രാജ്യത്തെയാകെ കീഴ്‌പ്പെടുത്തിയത് എത്ര അനായാസമാണ്’. പാശ്ചാത്യ നാഗരികത എന്നും മറ്റു നാഗരികതക്ക് മുകളില്‍ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഇറാഖും സിറിയയും ഈജിപ്തും ലിബിയയും ഫലസ്തീനുമെല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രം. സാമുവല്‍ പി ഹണ്ടിങ്ങ്ടന്റെ നാഗരികതയുടെ സംഘട്ടനമെന്ന സിദ്ധാന്തത്തെ ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
ഇന്ത്യക്ക് ഒരിക്കലും ദേശീയതയുടെ യഥാര്‍ത്ഥ ബോധം ഉണ്ടായിട്ടില്ല. ദൈവത്തോടും മാനവികതയോടുമുള്ള ബഹുമാനത്തേക്കാള്‍ രാഷ്ട്രത്തോടുള്ള ആരാധന ഏറെക്കുറെ നല്ലതാണെന്ന് കുട്ടിക്കാലം മുതല്‍തന്നെ എന്നെ പഠിപ്പിച്ചിരുന്നു. ആ വ്യര്‍ത്ഥമായ ബോധനം എന്നില്‍ വളരെയധികം വേരൂന്നിയിരുന്നുവെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു . ആ വിദ്യാഭ്യാസത്തിനെതിരെ പോരാടുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ ഇന്ത്യയെ തിരിച്ച് പിടിക്കാനാവൂ. മാനവികതയുടെ ആദര്‍ശങ്ങളേക്കാള്‍ ഒരു രാജ്യം വലുതാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു, ഇത് വളരെ മോശമായ സന്ദേശമാണ് നല്‍കുകയെന്ന് ടാഗോര്‍ പറയുന്നു.
സ്വദേശി പ്രസ്ഥാനത്തെയും ടാഗോര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു (ചര്‍ക്കയുടെ മതം 1925). അര്‍ത്ഥമുള്ള വിദ്യാഭ്യാസമാണ് അന്ധമായ പ്രക്ഷോഭത്തിലും നല്ലത് എന്ന വീക്ഷണം അദ്ദേഹം പ്രചരിപ്പിച്ചു. വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കപ്പെട്ടവരായി മാറാന്‍ ഇന്ത്യന്‍ സമൂഹം തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രദേശീയതയുടെ അപകടങ്ങളെക്കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തിയിരുന്നു രബീന്ദ്രനാഥ് ടാഗോര്‍. ‘മാനവിക മൂല്യങ്ങളെക്കാള്‍ വലുതാണ് സ്വന്തം രാജ്യമെന്നു പഠിപ്പിക്കുന്ന വിദ്യാഭ്യാസത്തോട് പൊരുതിക്കൊണ്ട്, യഥാര്‍ത്ഥ ഇന്ത്യ എന്തെന്ന്, എന്റെ നാട്ടുകാര്‍ മനസ്സിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’ (ദേശീയത ഇന്ത്യയില്‍ 1917) എന്നുമദ്ദേഹം എഴുതി. കാര്‍ഷികമേഖലയെക്കുറിച്ച് പഠന ഗവേഷണത്തിനുപോയ തന്റെ മരുമകന് (നാഗേന്ദ്രനാഥ് ഗാംഗുലി) അയച്ച കത്തില്‍ സംസ്‌കാരങ്ങള്‍ തമ്മില്‍ ഉണ്ടാവേണ്ട സംവാദത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് ‘തദ്ദേശവാസികളെ അടുത്തറിയേണ്ടത് നിന്റെ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കൃഷി മാത്രമല്ല അമേരിക്കയേയും അറിയേണ്ടതുണ്ട്. എന്നാല്‍ ഇത്തരമൊരുദ്യമം മൂലം സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തി ഇന്ത്യയെക്കുറിച്ചുള്ള എന്തിനേയും പുച്ഛിക്കുന്ന അമേരിക്കക്കാരനായി നീ മാറുമെങ്കില്‍ മുറിക്കുള്ളില്‍ വാതിലടച്ച് ഇരിക്കുന്നതാണ് ഉത്തമം.’ 2017ല്‍ ടാഗോറിന്റെ ജീവചരിത്രവും ചിന്തയും പാഠപുസ്തകത്തില്‍നിന്നും ഒഴിവാക്കണമെന്ന് അപേക്ഷിച്ച് ആര്‍.എസ്.എസ് അനുകൂല വിദ്യാഭ്യാസ സംഘടനയായ ശിക്ഷക് സംസ്‌കൃതി ഉത്തന്‍ ന്യാസ ്എന്‍.സി.ആര്‍.ടിക്ക് കത്ത് നല്‍കിയിരുന്നു. ഇന്ത്യ ഇന്ന് ഭരിക്കുന്ന പാര്‍ട്ടിയും അവരുടെ നിലപാടുകളും മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ തീവ്ര വലതുപക്ഷ ബുദ്ധിജീവികളും അവരുടെ പാര്‍ട്ടിയും ടാഗോറിയന്‍ ദര്‍ശനങ്ങളും എഴുത്തുകളുമൊക്കെ എടുത്തുകളയുമെന്നതില്‍ യാതൊരു സംശയവും വേണ്ട. ഒരുപക്ഷെ അവര്‍ ദേശീയ ഗാനം പോലും മാറ്റിയേക്കാം.
ദേശീയതയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ എക്കാലത്തും രാഷ്ട്രീയക്കാരാണ്. ദേശീയതയുടെ പേരിലുള്ള സൈനികവത്കരണത്തെയും യുദ്ധം സൃഷ്ടിക്കലുകളെയും അതിന്റെ മറവിലുള്ള വൈയക്തിക സാമ്പത്തിക നേട്ടങ്ങളും ആയുധക്കമ്പനികളില്‍നിന്നുള്ള വന്‍ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാന്‍ ഇതിലൂടെ സാധ്യമാകും. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹം അടക്കം ചെയ്യാനുള്ള ശവപ്പെട്ടിയില്‍വരെ കുംഭകോണം നടത്തിയത് ഇന്ത്യയിലെ തീവ്രദേശീയതയുടെ പ്രചാരകരായ പാര്‍ട്ടിക്കാരായിരുന്നുവെന്നത് അനുസ്മരണീയമാണ്. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തിന്റെ സൈനിക പ്രതിരോധ നടപടികളെയും സൈന്യത്തിന്റെ പേരും ദുരുപയോഗം ചെയ്യുന്ന അതേ ഭരണകൂട രാഷ്ട്രീയപ്പാര്‍ട്ടിയാണ് ഡല്‍ഹിയില്‍ ‘ഒരേ റാങ്ക് ഒരേ പെന്‍ഷന്‍’ എന്ന പേരില്‍ ജനാധിപത്യ മാര്‍ഗത്തില്‍ സമരം ചെയ്തിരുന്ന മുതിര്‍ന്ന മുന്‍സൈനികരെ പൊലീസിനെ ഉപയോഗിച്ച് തല്ലിച്ചതച്ചതെന്ന്കൂടി ഓര്‍ക്കേണ്ടതുണ്ട്. വളരെ രൂക്ഷമായ ഭാഷയിലാണ് ‘നൂറ്റാണ്ടിന്റെ സൂര്യാസ്തമയം’ എന്ന കവിതയില്‍ ദേശീയതയേയും പാശ്ചാത്യന്‍ അഭിനിവേശത്തേയും ടാഗോര്‍ എതിര്‍ക്കുന്നത്. ദേശീയത മാനവ കുലത്തെ സായുധ പോരാട്ടത്തിലേക്കും യുദ്ധത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.