മുന്‍ കേന്ദ്ര മന്ത്രി എസ്.എം കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്നലെ വൈകീട്ട് ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയത്. കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങ് കൃഷ്ണയുടെ സഹോദരിയുടെ മരണത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. രാഷ്ട്രീയ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് 84 കാരനായ കൃഷ്ണ പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് എസ്.എം കൃഷ്ണ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടി ഹൈകമാന്റ് ജനപ്രിയ നേതാക്കളെ അവഗണിക്കുന്നതിലുള്ള അതൃപ്തി വ്യക്തമാക്കിയ ശേഷമാണ് അരനൂറ്റാണ്ടു കാലത്തെ കോണ്‍ഗ്രസ് ബന്ധം അദ്ദേഹം അവസാനിപ്പിച്ചത്. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന കൃഷ്ണ കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്.