എയര്‍ ഇന്ത്യയ്ക്ക് അനുമതി നിഷേധിച്ച സംഭവം: ഇന്ത്യ ഖത്തറിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

ദോഹ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയ്ക്കാരെ തിരിച്ചെത്തിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഖത്തര്‍ അനുമതി നല്‍കാതിരുന്നതിന് കാരണം ഇന്ത്യയുടെ വീഴ്ചയെന്ന് വിമര്‍ശം. കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആരോപണമുയരുന്നത്.

പ്രതിസന്ധിയുടെ കാലത്ത് ഒഴിപ്പിക്കല്‍ സ്വഭാവമുള്ള സര്‍വീസാണ് എയര്‍ ഇന്ത്യ നടത്തുന്നതെന്നും സൗജന്യമായാണ് യാത്രക്കാരെ നാട്ടിലെത്തിക്കുന്നത് എന്നും ഇന്ത്യന്‍ അധികൃതര്‍ ഖത്തറിനെ അറിയിച്ചു എന്നാണ് സൂചന. സൗജന്യ ഒഴിപ്പിക്കലിന്റെ ഭാഗമായി എയര്‍പോര്‍ട്ട് പാര്‍ക്കിങ് അടക്കമുള്ള ഫീസുകളില്‍ ഇതോടെ ഇളവുകള്‍ ലഭിച്ചു. ഇതു പ്രകാരം ആദ്യ വിമാനം ദോഹയില്‍ നിന്ന് ഇന്ത്യയിലെത്തുകയും ചെയ്തു.

ഇതിന് ശേഷമാണ് യാത്രക്കാരില്‍ നിന്ന് പണം ഈടാക്കുന്നുണ്ടെന്ന് ദോഹ വിമാനത്താവള അധികൃതര്‍ക്ക് ബോദ്ധ്യപ്പെട്ടത്. ഇതോടെ പണം വാങ്ങിയുള്ള യാത്രയ്ക്ക് മറ്റു ഇളവുകള്‍ നല്‍കേണ്ടതെന്ന് വിമാനത്താവള അധികൃതര്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ സര്‍വീസ് പ്രതിസന്ധിയിലാകുകയും ചെയ്തു. തിരുവനന്തപുരത്തേക്കുള്ള 181 യാത്രക്കാരാണ് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയത്.

ഇത്തരത്തിലുള്ള സര്‍വീസുകള്‍ക്ക് യാതൊരു തരത്തിലുള്ള ഇളവുകളും നല്‍കാനാവില്ല എന്നാണ് ഖത്തര്‍ അധികൃതരുടെ നിലപാട്. പതിനയ്യായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ പണം മുടക്കിയാണ് പ്രവാസികള്‍ നാട്ടിലെത്തുന്നത്. അതേസമയം, സൗജന്യ സര്‍വീസ് നടത്താമെന്ന് ചില ഗള്‍ഫ് വിമാനക്കമ്പനികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഇന്ത്യ അതിന് അനുമതി നല്‍കിയിട്ടില്ല.

എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ വിമാനം കാന്‍സല്‍ ചെയ്തു എന്നാണ് ദോഹയിലെ ഇന്ത്യന്‍ എംബസി നല്‍കുന്ന വിശദീകരണം.