ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചു; അത്രക്ക് വേദനാജനകമെങ്കില്‍ പ്രതിരോധ മന്ത്രി ചൈനയുടെ പേര് മിണ്ടാത്തതെന്തെന്ന് രാഹുല്‍ ഗാന്ധി

ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുടെ അക്രമത്തില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കാത്തതില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ ട്വീറ്റിനെതിരെ അഞ്ച് ചോദ്യങ്ങളുമായാണ് രാഹുല്‍ രംഗത്തെത്തിയത്. 20 ഇന്ത്യന്‍ സൈനികരുടെ മരണം അലോസരപ്പെടുത്തുന്നതും അങ്ങേയറ്റം വേദനാജനകവുമാണെന്ന രാജ്‌നാഥ് സിങ്ങിന്റെ ട്വീറ്റില്‍ ചൈനയുടെ പേര് നല്‍കാത്തതിലാണ് കോണ്‍ഗ്രസ് നേതാവ് പ്രതിഷേധിച്ചത്.

താഴ്വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈന്യത്തെ പ്രതിരോധ മന്ത്രി അപമാനിച്ചതായും എന്തിനാണ് ഇതെന്ന് അറിയണമെന്നും ഗാന്ധി മറുപടി ട്വീറ്റ് ചെയ്തു.

”ഇത് വളരെ വേദനാജനകമായിരുന്നുവെങ്കില്‍:

  1. നിങ്ങളുടെ ട്വീറ്റില്‍ ചൈനയുടെ പേര് നല്‍കാതെ ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നത് എന്തുകൊണ്ട്?
  2. സ്വാന്തനപ്പെടാന്‍ രണ്ട് ദിവസം എടുത്തത് എന്തുകൊണ്ട്?
  3. സൈനികര്‍ രക്തസാക്ഷിത്വം വരിക്കുമ്പോള്‍ റാലികളെ അഭിസംബോധന ചെയ്യുന്നത് എന്തുകൊണ്ട്?
  4. എല്ലാം മറച്ചുവെച്ച് ചങ്ങാതെ മാധ്യമങ്ങളെകൊണ്ട് സൈന്യത്തെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ട്?
  5. കേന്ദ്ര സര്‍ക്കാനുപകരം പൈഡ് മാധ്യമങ്ങളെ കൊണ്ട് സൈന്യത്തെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ട്? ‘ ഗാന്ധി ട്വീറ്റ് ചെയ്തു.

വീരമൃത്യുവരിച്ച സൈനികരുടെ ധൈര്യത്തെ പ്രശംസിച്ച രാജ്നാഥ് സിംഗ് അവരുടെ മരണം അലോസരപ്പെടുത്തുന്നതും വേദനാജനകവുമാണെന്ന് വിശേഷിപ്പിച്ചു. ഇന്ത്യ ഇപ്പോള്‍ ദുര്‍ബല രാഷ്ട്രമല്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. എന്നാല്‍ ട്വീറ്റിലെവിടേയും രാജ്‌നാഥ് ചൈനയെ വിശേഷിപ്പിച്ചിരുന്നില്ല.

ലഡാക്കിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചോദ്യങ്ങളുയര്‍ത്തിയുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ചൈനീസ് ഇന്ത്യന്‍ പ്രദേശം എങ്ങനെ കൈവശപ്പെടുത്തിയെന്നും 20 ധീര സൈനികരെ രക്തസാക്ഷിത്വം വരിച്ചതെങ്ങനെയെന്നും പ്രധാനമന്ത്രി രാജ്യത്തോട് പറയണമെന്നും നേരത്തെ രാഹുല്‍ ഗാന്ധി തത്സമയ വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു. ലഡാക്കിലെ ചൈനീസ് നുഴഞ്ഞുകയറ്റത്തെ സംബന്ധിച്ച് മൗനം തുടരുന്ന മോദി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസും പ്രതിരോധ പാര്‍ട്ടികളും ആഞ്ഞടിക്കുകയാണ്.