കെജരിവാള്‍ ആഹ്ലാദിക്കുമ്പോള്‍ തോല്‍വി മുന്നില്‍ കണ്ട് ആപ്പിലെ രണ്ടാമന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് മുഖമന്ത്രി അരവിന്ദ് കെജരിവാളും ആം ആദ്മി പാര്‍ട്ടിയും അത്ഭുതം കുറിക്കുമ്പോള്‍ ആപ്പിലെ രണ്ടാമനും ഉപമുഖ്യമന്ത്രിയുടെ മനീഷ് സിസോദിയ പരാജയ ഭീതിയില്‍. വോട്ടെണ്ണലിന്റെ അവസാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും പട്പര്‍ഗഞ്ചില്‍ സിസോദിയ പിന്നിലാണെന്നാണ് വിവരം. വോട്ടെണ്ണലിന്റെ പത്താം റൗണ്ട് കടക്കുമ്പോള്‍ ഉപമുഖ്യമന്ത്രി 48,493 വോട്ടുകള്‍ മാത്രമാണ് നേടിയത്. പട്പര്‍ഗഞ്ചിലെ ബിജെപി സ്ഥാനാര്‍ത്ഥി രവി നേഗിയാണ് 49,716 വോട്ടുമായി മുന്നിലുള്ളത്. ഇവിടെ കോണ്‍ഗ്രസിന്റെ ലക്ഷ്മണ്‍ റാവത്ത് ഇതുവരെ 1,874 വോട്ടാണ് നേടിയത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളില്‍ കേജരിവാള്‍ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മുന്നിരായിരുന്നെങ്കില്‍ അവസാനം വിവരം ലഭിക്കുമ്പോള്‍ സിസോദിയ അടക്കം മൂന്ന് മന്ത്രിമാര്‍ പിന്നിലാണ്. ആം ആദ്മി മന്ത്രിസഭയിലെ ഏറ്റവും വലിയ ജനകീയ മുഖമാണ് സിസോദിയയുടേത്. കെജരിവാള്‍ അധികാരം കയ്യടിക്കുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്തുവന്നപ്പോള്‍ ആപ്പില്‍ രണ്ടാമനായി ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചയാളാണ് യുടെ മനീഷ് സിസോദിയ. ഏറ്റവും സുരക്ഷിതമായ മണ്ഢലമെന്ന് പ്രവര്‍ത്തകര്‍ തന്നെ കരുതുന്ന പട്പര്‍ഗഞ്ചിലെ തോല്‍വി ഭയം ആപ്പില്‍ തന്നെ വിവാദമാവുമെന്നാണ് സൂചന.

അതേസമയം, അവസാന വിവരം ലഭിക്കുമ്പോള്‍ 62 സീറ്റില്‍ ആം ആദ്മി പാര്‍ട്ടി മുന്നിലാണ്. സിസോദിയയുടെ വോട്ടും കൂടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റമില്ല. 8 സീറ്റില്‍ മാത്രം ലീഡ്.