ഗുജറാത്ത് തെരഞ്ഞെടുപ്പ്; അയോധ്യ ആയുധമാക്കി ബി.ജെ.പി; സംവാദത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ്

അഹമ്മദാബാദ്: അയോധ്യാ വിഷയം കോണ്‍ഗ്രസിനെതിരെ പ്രചരണായുധമാക്കാനുള്ള നീക്കവുമായി ബി.ജെ.പി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമാണ് അയോധ്യ വിഷയം വീണ്ടും സജീവമാക്കുന്നത്. ബാബരി മസ്ജിദ് ഹിന്ദുത്വവാദികള്‍ തകര്‍ത്തതിന്റെ 25-ാം വാര്‍ഷികം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ അന്തിമവാദം കേള്‍ക്കുന്നത് കഴിഞ്ഞദിസം സുപ്രീംകോടതി ഫെബ്രുവരി എട്ടിലേക്ക് മാറ്റിയിരുന്നു. ഇതോടെ രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായാണ് ആദ്യം രംഗത്തെത്തിയത്. തൊട്ടുപിന്നാലെ അയോധ്യയില്‍ പിടിച്ച് മോദിയും വര്‍ഗീയ നീക്കം തുടങ്ങി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അയോധ്യാ വിഷയത്തില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെക്കണമെന്ന് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് വിഷയം വിവാദമാക്കാന്‍ മോദി ശ്രമിച്ചത്.

അയോധ്യാ കേസ് പരിഗണിക്കുന്നത് 2019 വരെ നീട്ടിവെക്കണമെന്ന് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് എന്തധികാരമെന്നായിരുന്നു മോദിയുടെ ചോദ്യം. രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ കോണ്‍ഗ്രസ് ചിന്തിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ മോദി അയോധ്യയെക്കുറിച്ച് അവര്‍ ആശങ്കാകുലരാകേണ്ടതില്ലെന്നും ധന്ധുകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. അയോധ്യാ വിഷയം ആളിക്കത്തിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബി.ജെ.പി നേതാക്കളുടെ നീക്കത്തിന് ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ പയറ്റുന്ന അജണ്ട എന്താണെന്ന് വ്യക്തമാക്കണമെന്ന് മോദിയെ സംവാദത്തിന് ക്ഷണിച്ചുകൊണ്ട് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ആനന്ദ് ശര്‍മ തിരിച്ചടിച്ചു. സ്ഥലവും സമയവും മോദിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്തിലെ ഭക്ഷണത്തിന് മാധുര്യമുണ്ടെങ്കിലും മോദിയുടെ പ്രതികരണങ്ങള്‍ എപ്പോഴും കയ്പ്പേറിയതാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയാണ് മോദി എപ്പോഴും ഉദാഹരണമായി എടുത്തുകാട്ടാറുള്ളത്. ഗാന്ധി സത്യം മാത്രം മുറുകെ പിടിച്ച വ്യക്തിയാണ്. എന്നാല്‍ മോദിയുടെ കൈകള്‍ കറപുരണ്ടതാണ്- ഗുജറാത്ത് വംശഹത്യയെ പരാമര്‍ശിച്ച് ആനന്ദ് ശര്‍മ പറഞ്ഞു.

SHARE