ഒപ്പം സഞ്ചരിക്കുന്നവരെ സംബന്ധിച്ച് പ്രധാനമന്ത്രി വെളിപ്പെടുത്താതെന്ത്; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. സാധാരണക്കാരുടെ പണം കൊള്ളയടിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ ആരോപിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് നീരവ് മോദി 11,360 കോടിയുടെ തട്ടിപ്പു നടത്തിയത് 2017-2018 കാലത്താണെന്ന് കോണ്‍ഗ്രസ് അരോപിച്ചു. സാധാരണക്കാരുടെ പണം കൊള്ളയടിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു. സാമ്പത്തിക തട്ടിപ്പ് വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അറിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന് 2017 ജൂലൈയില്‍ പരാതി ലഭിച്ചിരുന്നു. തട്ടിപ്പ് അറിഞ്ഞിട്ടും പ്രധാനമന്ത്രി നടപടി സ്വീകരിച്ചില്ലെന്നും കപില്‍ സിബല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഔദ്യോഗിക വിദേശ യാത്രകളില്‍ ഒപ്പമുണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ എന്തു കൊണ്ട് പ്രധാനമന്ത്രി പുറത്തുവിടുന്നില്ലെന്ന് സിബല്‍ ചോദിച്ചു. ഇത്ര ലാഘവത്തോടെയാണ് പ്രധാനമന്ത്രി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.