എന്തിനാണ് പ്രധാനമന്ത്രി കള്ളം പറയുന്നത്; പ്രതിരോധ മന്ത്രാലയ രേഖ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദി കള്ളം പറയുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യവുനായി വീണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രതിരോധ മന്ത്രാലയ രേഖ ഉദ്ധരിച്ചുകൊണ്ടാണ് ചൈനയുമായുളള അതിര്‍ത്തി വിഷയത്തില്‍ രാഹുലിന്റെ ചോദ്യം.

മെയ് 17-18 തീയതികളില്‍ ”കുഗ്രാങ് നള (പെട്രോളിംഗ് പോയിന്റ് -15 ന് സമീപം, ഹോട്ട് സ്പ്രിംഗ്‌സിന് വടക്ക്), ഗോഗ്ര (പിപി -17 എ), പാങ്കോങ്ങിന്റെ വടക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ചൈനീസ് സേന അതിക്രമം നടത്തി, പ്രതിരോധ മന്ത്രാലയ രേഖ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്. 20 ഇന്ത്യന്‍ സൈനികരെ കൊല്ലപ്പെട്ട ജൂണ്‍ 15 ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലിന് ഏകദേശം ഒരുമാസം മുമ്പേതന്നെ ചൈനീസ് സൈന്യം ലഡാക്കില്‍ നുഴഞ്ഞുകയറിയിരുന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലുടനീളം ചൈന നടത്തിയ അതിര്‍ത്തി ലംഘനത്തില്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം ‘ അതിക്രമിച്ചു ‘എന്ന വാക്കാണ് ഉപയോഗിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയിലെ ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി കള്ളം പറയുന്നത് എന്തുകൊണ്ട്, വാര്‍ത്ത പങ്കുവെച്ചുകൊണ്ട് രാഹുല്‍ ട്വീറ്റ് ചെയ്തു.

മെയ് 5-6 തീയതികളില്‍ പാങ്കോങ്സോയുടെ വടക്കന്‍ കരയില്‍ നടന്ന ഏറ്റുമുട്ടലിനുശേഷവും ‘ലംഘനം’ എന്ന വാക്ക് സര്‍ക്കാറിന്റെ ഔദ്യോഗിക പ്രസ്താവനയിലോ രേഖയിലോ പരാമര്‍ശിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘അതിര്‍ത്തിയിലെ സ്ഥിതി വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അത് നീണ്ടുപൊവാതിരിക്കാന്‍ ഉടനടി നടപടി ആവശ്യമാണെന്നും രേഖയില്‍ പറയുന്നതായി, ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മെയ് അവസാനം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ചൈനീസ് സൈനികരുടെ എണ്ണം ”മുമ്പത്തേതിനേക്കാള്‍ അല്പം കൂടി മുന്നോട്ട് വന്നിട്ടുണ്ട്” എന്നും പറഞ്ഞിരുന്നു. എന്നാല്‍, ചൈനീസ് സൈന്യം എല്‍എസിയുടെ ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നതുപോലെയുള്ള തെറ്റായ വ്യാഖ്യാനത്തിന് പാടില്ലെന്നും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിരവധി തവണ ഉന്നതതല സൈനിക ചര്‍ച്ചകള്‍ നടത്തിയിട്ടും പാംഗോംഗ് ത്സോയിലെയും ഗോഗ്രയിലെയും ഫെയ്സ്ഓഫ് സൈറ്റുകളില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനും മറ്റോ ചൈന തയ്യാറായിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.