പ്രധാനമന്ത്രി എന്തിനാണ് ചൈനയെ പിന്തുണയ്ക്കുന്നത്; ബിജെപിയുടെ പ്രത്യാക്രമണങ്ങള്‍ക്കിടയിലും ചോദ്യങ്ങളില്‍ ഉറച്ചുനിന്ന് രാഹുല്‍ ഗാന്ധി

ചൈനീസ് സേന ഇന്ത്യന്‍ പ്രദേശം കൈവശപ്പെടുത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യല്‍ തുടരുന്നു. ബിജെപി അധ്യഷന്‍ ജെ.പി നദ്ദ, ബിജെപി മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയ ഭരണപാര്‍ട്ടി നേതാക്കളില്‍ നിന്നും വ്യക്തിഹത്യ നേരിടുന്നതിനിടെയാണ് രാഹുല്‍ ചോദ്യവുമായി വീണ്ടും രംഗത്തെത്തിയത്.

ചൈന ഞങ്ങളുടെ ഭൂമി എടുത്തു. അത് തിരികെ ലഭിക്കാന്‍ ഇന്ത്യ ചര്‍ച്ചകള്‍ നടത്തുകയാണ്. എന്നാലിത് ഇന്ത്യന്‍ ഭൂമിയല്ലെന്നാണ് ചൈന പറയുന്നത്. ചൈനയുടെ അവകാശവാദത്തെ പ്രധാനമന്ത്രി പരസ്യമായി പിന്തുണച്ചിട്ടുമുണ്ട്.
എന്തിനാണ് ഇന്ത്യയേയോ നമ്മുടെ സൈന്യത്തേയോ പിന്തുണക്കാതെ പ്രധാനമന്ത്രി ചൈനയെ പിന്തുണയ്ക്കുന്നത്, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഈ വര്‍ഷം മെയ് മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള 3,500 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) ലംഘിച്ചതിലൂടെ ചൈന ഇന്ത്യന്‍ ഭൂമി കൈവശപ്പെടുത്തിയെന്ന് രാഹുല്‍ തന്റെ ഏറ്റവും പുതിയ ട്വീറ്റില്‍ അവകാശപ്പെടുന്നത്. ചൈനയുടെ അതിര്‍ത്തി കയ്യേറ്റ വിഷയത്തില്‍ മെയ് മാസ തൊട്ട് മോദി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയ നേതാവാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ അക്കാലയളവില്‍ മൗനം തുടര്‍ന്ന മോദി 20 ഇന്ത്യന്‍ സൈനികര്‍ വീര്യമൃത്യു വരിച്ചതോടെ ബിഹാറില്‍ തെരഞ്ഞെടുപ്പിന് ഉപയോഗപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കഴിഞ്ഞ ദിവസവും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ചൈനീസ് ആക്രമണത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്നും എന്നാല്‍ ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തിട്ടുണ്ടോയെന്നും രാഹുല്‍ ഇന്നലെ ചോദിച്ചിരുന്നു. സംഘര്‍ഷത്തിനിടയിലും ചൈന എന്തിനാണ് നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

‘നമ്മുടെ സൈനികരെ വധിച്ചത് ചൈനയാണ്, നമ്മുടെ ഭൂമി കവര്‍ന്നത് ചൈനയാണ്. എന്നിട്ടും മോദിയെ ചൈന പുകഴ്ത്തുന്നത് എന്തിന്?’ എന്ന് ചോദിച്ചുള്ള ട്വീറ്റില്‍ മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങള്‍ എന്ന ഗ്ലോബല്‍ ടൈംസില്‍ വന്ന വാര്‍ത്തയും ചേര്‍ത്തിട്ടുണ്ട്.

ഇന്ത്യ ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ തുടര്‍ച്ചയായ വിമര്‍ശങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. നേരത്തെ ചൈനയോട് മൃദുസമീപനം പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് നരേന്ദ്രമോദിക്കെതിരെ ‘സുരേന്ദര്‍ മോദി’ എന്ന രാഹുലിന്റെ വിശേഷണം ട്രെന്റായിരുന്നു.

ഇന്ത്യയുടെ അതിര്‍ത്തി കടന്ന് ആരും വന്നിട്ടില്ലെന്നും ഒരു പോസ്റ്റും ആരു കയ്യേറിയിട്ടില്ലെന്നും പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രദേശം പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവ് വച്ചെന്നും ചൈന കയ്യേറിയിട്ടില്ലെങ്കില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്നുമായിരുന്നു ഇതിനു മറുപടിയായി രാഹുല്‍ ഗാന്ധി ചോദിച്ചത്.