കോയമ്പത്തൂരിലെ ഈശ ഫൗണ്ടേഷന്റെ ആസ്ഥാനമായ ഈശ യോഗ സെന്ററില്‍ കോവിഡ് വ്യാപനത്തിനിടയിലും വിദേശികളെ പാര്‍പ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 21 ന് നടന്ന ശിവരാത്രി ആഘോഷം ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വന്ന 150 ഓളം വിദേശികളെ ഇപ്പോഴും ഈശ യോഗ ഫൗണ്ടേഷനില്‍ പാര്‍പ്പിച്ചിരിക്കുന്നതായി ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൊറോണ പോസിറ്റീവ് കേസുകളൊന്നും കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഈശ ഫൗണ്ടേഷന് അറിയിച്ചത്.
അതേസമയം, ഡല്‍ഹി നിസാമുദ്ദീനിലെ മര്‍കസില്‍ നടന്ന തബ്്ലീഗ് ജമാഅത്തിനും വിദേശികള്‍ പങ്കെടുത്തതിനും കോവിഡ് വ്യാപനത്തിനും പിന്നാലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ നീങ്ങുമ്പോള്‍ ഈശ യോഗയിലെ പരിപാടികള്‍ വിവാദമാവാത്തതെന്തന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ പ്രമുഖര്‍ രംഗത്തെത്തി.
ജഗ്ഗി ജമാഅത്തിനെക്കുറിച്ച് ഇന്ത്യ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ് പ്രമുഖ ആക്ടിവിസ്റ്റും സ്വീഡനിലെ പ്രഫസറുമായ അശോക് സ്വയിന് ട്വീറ്റ് ചെയ്തു.
ഈശ ഫൗണ്ടേഷന്റെ ആസ്ഥാനമായ ഈശ യോഗ സെന്ററില്‍ ഈ വര്‍ഷം വിപുലമായ ആഘോഷങ്ങളാണ് നടന്നത്. 112 അടി ഉയരമുള്ള ശിവപ്രതിമയായ ‘ആദിയോഗി’യുടെ മുന്നില്‍ ഒരുക്കുന്ന പ്രത്യേക വേദിയില്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ സാന്നിധ്യത്തില്‍ വൈകീട്ട് ആരംഭിക്കുന്ന ശിവരാത്രി ആഘോഷം പിറ്റേന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് അവസാനിക്കുന്നത്. അര്‍ധരാത്രിയില്‍ സദ്ഗുരുവിനോടൊപ്പമുള്ള ധ്യാനവും പുറമേ ഈ രാത്രിയില്‍ മറ്റ് വിവിധ കലാപരിപാടികളും ഉണ്ടായിരിന്നു. ആയിരങ്ങളാണ് ആഘോഷത്തില്‍ പങ്കെടുത്ത ഇത്തവണത്തെ പരിപാടിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പങ്കെടുത്തിരുന്നു.
എന്നാല്‍, ഫെബ്രുവരി 15 ന് ശേഷം സംസ്ഥാനത്ത് വന്ന വിദേശികളുടെയും ഇന്ത്യക്കാരുടെയും വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ടെന്നും ഇഷ യോഗയിലെ വിദേശികളും ചെക്ക്ലിസ്റ്റിലുണ്ടെന്നുമാണ് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് വ്യക്തമാക്കുന്നത്. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് വിദേശികള്‍ സര്‍ക്കാര്‍ വിജ്ഞാപനത്തിന് വളരെ മുമ്പേ വന്നിരുന്നതായും അവര്‍ നിലവില്‍ ഇഷ യോഗ കാമ്പസില്‍ ക്വാറന്റൈനിലാണുമെന്നാണ് ആരോഗ്യവകുപ്പ് പരിശോധനയില്‍ വ്യക്തമാവുന്നത്. ഇവരെ പതിവായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മാര്‍ച്ച് 28 നാണ് അവസാന മെഡിക്കല്‍ പരിശോധന നടന്നതെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, വിദേശികളില്‍ നടത്തിയ പരിശോധന സംബന്ധിച്ച മെഡിക്കല്‍ പരിശോധനയുടെ രേഖകള്‍ പുറത്തുവിടാന്‍ ഫൗണ്ടേഷന് തയ്യാറായിട്ടില്ല.
അതേസമയം, വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പൗരന്മാരെ ജയിലിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. വിസചട്ടം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത 17 വിദേശ പൗരന്മാരെയാണ് ജയിലിലേക്ക് മാറ്റിയത്. നിരീക്ഷണ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇവരെ ജയിലിലേക്ക് മാറ്റിയത്.
പ്രതികള്‍ക്ക് മേല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 269, 270, 271, 188 പകര്‍ച്ചവ്യാധി നിയമത്തിലെ 03, പാസ്പോര്‍ട്ട് നിയമത്തിലെ 12(3) എന്നീ വകുപ്പുകള്‍ പ്രകാരം് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.