കോവിഡ് കുതിച്ചു കയറുന്നു; വാര്‍ത്താ സമ്മേളനം നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍- എന്തിനീ മൗനം?

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ ലക്ഷവും കടന്നതോടെ പതിവു വാര്‍ത്താ സമ്മേളനം നിര്‍ത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ക്കായി മാദ്ധ്യമങ്ങള്‍ അടക്കം ആശ്രയിച്ചിരുന്ന വാര്‍ത്താ സമ്മേളനമാണ് സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തിയത്. മെയ് 11 മുതലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ ദിവസവും മാദ്ധ്യമങ്ങളുമായി നടത്തിയിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയത്.

മെയ് ഏഴു മുതല്‍ എല്ലാ ദിവസവും 3200ലേറെ കോവിഡ് കേസുകളാണ് എല്ലാ ദിവസവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 11 ന് ശേഷം ഇത് 3500ലേറെയായി. മെയ് 17 മുതല്‍ 20 വരെ അത് അയ്യായിരത്തിന് അടുത്തതെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6088 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കാണിത്.

1184447 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 3583 പേര്‍ മരിക്കുകയും ചെയ്തു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത് എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍.

കൃത്യമായി വിവരങ്ങള്‍ അറിയേണ്ട വേളയിലാണ് സര്‍ക്കാര്‍ ദിനംപ്രതിയുള്ള വാര്‍ത്താ സമ്മേളനം ഒഴിവാക്കിയത്. കോവിഡ് അടുത്ത ഘട്ടത്തില്‍ എങ്ങനെ എന്നതിനെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രിയും മന്ത്രാലയവും നിലവില്‍ നിശ്ശബ്ദമാണ്. മെയ് 16 ഓടെ രോഗബാധിതര്‍ ഇല്ലാതാകുമെന്ന് പ്രവചനം നടത്തിയ നീതി ആയോഗും പിന്നീട് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

പ്രമുഖ എപിഡമോളജിസ്റ്റും ഐ.സി.എം.ആര്‍ ഡപ്യൂട്ടി ഡയറക്ടറുമായ ഡോ. രാമന്‍ ഗംഗാഖേദ്കറുടെ പത്ര സമ്മേളനവും ആദ്യഘട്ടത്തില്‍ നടത്തിയ പത്ര സമ്മേളനങ്ങള്‍ തുടര്‍ന്നു കൊണ്ടു പോയില്ല. ഏപ്രില്‍ 21 വരെയാണ് ഇദ്ദേഹം എല്ലാ ദിവസങ്ങളും മാദ്ധ്യമങ്ങളെ കണ്ടത്. കോവിഡ് ടെസ്റ്റ്, വാക്‌സിന്‍, വൈറസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ക്ക് ആധികാരികമായി മറുപടി നല്‍കിയ വിദഗ്ദ്ധനായിരുന്നു ഡോ. ഗംഗാഖേദ്കര്‍.

അതേസമയം, വാര്‍ത്താ സമ്മേളനങ്ങള്‍ ഇല്ലെങ്കിലും മരണം, രോഗമുക്തി, പോസിറ്റീവ് കേസുകള്‍ എന്നിവയെ കുറിച്ചുള്ള വിരങ്ങള്‍ എല്ലാ ദിവസവും രാവിലെ എട്ടിന് ആരോഗ്യമന്ത്രാലയം വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നുണ്ട്. വിവരങ്ങള്‍ അറിയാം എന്നല്ലാതെ കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോ സംശയനിവാരണമോ സാദ്ധ്യമല്ല എന്നതാണ് ഇതിന്റെ പ്രധാന പരിമിതി.