ജനീവ: കൊറോണവൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). രോഗം വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈന് വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്നുള്ള പരിവര്‍ത്തനം രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Media briefing on #COVID19 with @DrTedros. https://t.co/Ht3beKBu8h
— World Health Organization (WHO) (@WHO) May 6, 2020
യാത്രാ നിയന്ത്രണങ്ങളും മറ്റ് വൈറസ് നിയന്ത്രണ നടപടികളും നീക്കം ചെയ്യുന്നതിനുമുമ്പ് രാജ്യങ്ങള്‍ നിരീക്ഷണ നിയന്ത്രണ പരിപാടികള്‍ നടത്തുകയും ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുകയും വേണം. ശക്തമായ ആരോഗ്യസുരക്ഷ സംവിധാനങ്ങളില്ലാതെ പകര്‍ച്ചവ്യാധി ക്ഷയിച്ചതിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടേറിയതാണെന്നും ടെഡ്രോസ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍കോവ് ടെഡ്രോസിന്റെ ആശങ്കകളെ പിന്തുണച്ചു. ‘ലോക്ക്ഡൗണ്‍ നടപടികള്‍ വളരെ വേഗത്തില്‍ എടുത്തുകളഞ്ഞാല്‍ വൈറസ് വ്യാപനം കുതിച്ചുയരും’ അവര്‍ പറഞ്ഞു.
ഇന്ത്യ, ജര്‍മനി, സ്പെയിന്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിതുടങ്ങിയിട്ടുണ്ട്.രാജ്യം വീണ്ടും തുറക്കാനുള്ള സന്നദ്ധത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്.