പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് സമാധാനപരമായ പ്രതിഷേധം നടത്തുന്ന സമരക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന ബി.ജെ.പി ഗുണ്ടകള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി.
ഡല്‍ഹിയിലും യു.പിയിലും കര്‍ണാടകയിലും യൂണിഫോമണിഞ്ഞ ബി.ജെ.പി ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയാണെന്നും ഇതുകൊണ്ടൊന്നും പ്രക്ഷോഭങ്ങളെ തടയാന്‍ കഴിയില്ലെന്നും മേവാനി ട്വിറ്ററില്‍ കുറിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്തുന്ന സമക്കാര്‍ക്കെതിരെ അപവാദ പ്രചരണം നടത്തി അക്രമത്തിന് ശ്രമിക്കുകയാണ് യൂണിഫോമണിഞ്ഞ ബി.ജെ.പി ഗുണ്ടകള്‍. വഡ്ഗാമിലെ പ്രതിഷേധം സമാധാനപരായി നടക്കുമെന്ന് എന്റെ അനുയായികള്‍ പറഞ്ഞിട്ടും എന്തുകൊണ്ടാണ് പോലീസ് അനുമതി നല്‍കാത്തതെന്നും മേവാനി ചോദിച്ചു.
പ്രതിഷേധം തടയാനായി കിംവദന്തികള്‍ പ്രചരിപ്പിക്കുകയും സമാധാനപരമായ പ്രതിഷേധക്കാരെ ആക്രമിക്കാനും ആരാണ് ഈ രാജ്യത്ത് വ്യവസ്ഥകള്‍ സൃഷ്ടിക്കുന്നതെന്നും മേവാനി സംശയമുന്നയിച്ചു. പ്രതിഷേധത്തില്‍ അക്രമം പടര്‍ത്താനായി ഛായംപൂശുന്ന ആ സേനാധിപന്‍ ആരാണെന്നും, ഗുജറാത്ത് ബിജെപി നേതാവിനെ ഉന്നംവെച്ച് മേവാനി ചോദിച്ചു.
ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് പിന്തുണയര്‍പ്പിച്ചായിരുന്നു ദളിത് നേതാവ് കൂടിയായ ജിഗ്‌നേഷ് മേവാനിയുടെ ട്വീറ്റ്. ഉത്തര്‍പ്രദേശിലെ മീറത്തില്‍ പൗരത്വ ഭേദഗതി നിയമം കത്തിച്ച് പ്രതിഷേധിച്ച ദളിത് നേതാവ് ഡോ. സുശീല്‍ ഗൗതമിനും മേവാനി പിന്തുണയര്‍പ്പിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ദളിത് നേതാവ് ഡോ. സുശീല്‍ ഗൗതമിനെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നു ദിവസത്തിനുശേഷമാണ് വിട്ടയച്ചത്. മോചിതനായതിനു പിന്നാലെ ‘ബ്ലൂ പാന്തേഴ്‌സി’ലെ അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അദ്ദേഹം പൗരത്വ ഭേദഗതി നിയമം കത്തിച്ചു. ഇത് രണ്ടാം മനുസ്മൃതിയാണെന്നും അംബേദ്കര്‍ മനുസ്മൃതി കത്തിച്ചതു പോലെ ഈ നിയമവും കത്തിക്കണമെന്നും ഗൗതം പറഞ്ഞു. ഗൗതമിനൊപ്പം നില്‍ക്കുന്നതായും ഈ പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ കൂടെയാണെന്നും മേവാനി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമായി ഗുജറാത്തിലെ തന്റെ നിയമസഭാ മണ്ഡലമായി വാഡ്ഗയിലെ 50 ഗ്രാമങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പികള്‍ കത്തിക്കുമെന്ന് ജിഗ്‌നേഷ് എം.എല്‍.എ പ്രഖ്യാപിച്ചിരുന്നു.